Section

malabari-logo-mobile

വാക്‌സിന്‍ സംസ്ഥാനങ്ങള്‍ തന്നെ വാങ്ങണം, രോഗികള്‍ക്ക് ഓക്‌സിജന്‍ വീടുകളില്‍ എത്തിക്കണം: കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍

HIGHLIGHTS : Vaccines must be purchased by the states themselves, and oxygen must be delivered to patients' homes: the center's new recommendations

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിഷേധം ശക്തമായെങ്കിലും വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനായി ഓക്സിജന് ഇറക്കുമതി തീരുവ ഒഴിവാക്കുന്നതായി കേന്ദ്രം അറിയിച്ചു. ഇന്ന് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി പുതിയ തീരുമാനത്തെ കുറിച്ച് അറിയിച്ചു.

മൂന്ന് മാസത്തേക്കാണ് ഓക്സിജന് ഇറക്കുമതി തീരുവയില്‍ ഇളവ് കൊടുത്തിരിക്കുന്നത്. ഓക്സിജനും ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്കും കസ്റ്റംസ് ക്ലിയറന്‍സ് അതിവേഗം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഹെല്‍ത്ത് സെസും ഒഴിവാക്കും. രോഗികള്‍ക്ക് വീടുകളില്‍ ഓക്സിജന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

sameeksha-malabarinews

അതേസമയം വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തില്ലെന്ന് തന്നെയാണ് കേന്ദ്ര നിലപാട്. സംസ്ഥാനങ്ങള്‍ നേരിട്ട് വാക്സിന്‍ വാങ്ങുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ കൂടുതല്‍ വാക്സിന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കണം. കോവിന്‍ ആപ്പിനെ കുറിച്ച് കൂടുതല്‍ ബോധവത്കരണം നടത്തണം. കേന്ദ്രത്തിന്റെ വാക്സിന്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കെ ഓക്സിജന്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മരിക്കുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുകയാണ്. ഡല്‍ഹിയിലെ ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഇന്ന് മാത്രം 20 കൊവിഡ് രോഗികള്‍ മരിച്ചു. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് 20 രോഗികളാണ് മരിച്ചത്. ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരുന്നെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡികെ ബാലുജ പറഞ്ഞു. ശനിയാഴ്ച രാവിലെ 10.15 വരെ 210 ലേറെ രോഗികളാണ് ആശുപത്രിയിലുള്ളത്. എന്നാല്‍ 45 മിനുട്ടു സമയത്തേക്കു കൂടിയുള്ള മെഡിക്കല്‍ ഓക്‌സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്ന് ഇദ്ദേഹം പറയുന്നു.

വെള്ളിയാഴ്ച്ച വൈകുന്നേരം ഗോള്‍ഡന്‍ ആശുപത്രിയിലേക്ക് 3600 ലിറ്റര്‍ ഓക്‌സിജന്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി 12 മണിവരെ 1500 ലിറ്റര്‍ ഓക്‌സിജനാണ് ലഭിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍, കിടക്കക്ഷാമം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 348 മരണങ്ങളും 24,331 പുതിയ കേസുകളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ബാന്ദ്ര ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചു. മഹാരാഷ്ട്രയാണ് കോവിഡ് രോഗനിരക്കില്‍ ഡല്‍ഹിക്ക് തൊട്ടു പിന്നില്‍ ഉള്ളത്.

24 മണിക്കൂറിനുള്ളില്‍ 3.32 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണ് ഇത്. ഇതോടെ ആകെയുള്ള രോഗികളുടെ എണ്ണം 1.63 കോടിയിലേക്കെത്തി.2263 മരണങ്ങളാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്ത് 1.87 ലക്ഷമായി. രാജ്യത്തെ ആശുപത്രികളിലധികവും കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!