പിഎം കെയര്‍ ഫണ്ടിലേക്ക് ലഭിച്ചത് 10,990 കോടി രൂപ; വിനിയോഗിച്ചത് 3,976 കോടി രൂപ മാത്രം

Photo: twitter.com/BJP

ന്യൂഡല്‍ഹി: പി.എം കെയര്‍ ഫണ്ടിലേക്ക് 2020 മാര്‍ച്ച് 27 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സമാഹരിച്ച തുകയില്‍ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡിനെതിരായ പോരാട്ടത്തിനായി രൂപവത്കരിച്ച പി.എം കെയര്‍ ഫണ്ട് മുഖേന ഇക്കാലയളവില്‍ 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും എന്‍.ഡി ടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

10,990 കോടി രൂപയാണ് പിഎം കെയര്‍ ഫണ്ടിലേക്ക് ആകെ ലഭിച്ചത്. 2020 സാമ്പത്തിക വര്‍ഷം സംഭാവനയായി 3,077 കോടി ലഭിച്ചു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 7,679 കോടി ലഭിച്ചു. കൂടാതെ, പലിശ ഇനത്തില്‍ 235 കോടിയും ലഭിച്ചു. ആകെ ലഭിച്ച തുകയില്‍ 495 കോടി വിദേശത്തുനിന്നുള്ള തുകയാണ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ 3,976 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. 1,392 കോടി രൂപ ചെലവഴിച്ച് 6.6 കോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങി. 1,311 കോടി ഉപയോഗിച്ച് 50,000 മെയ്ഡ് ഇന്‍ ഇന്ത്യ വെന്റിലേറ്ററുകളും വാങ്ങി. പരിശീലനം ലഭിച്ച മെഡിക്കല്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഈ വെന്റിലേറ്ററുകള്‍ തകരാറ് സംഭവിക്കുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 162 ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 201.58 കോടി രൂപയും ചെലവിട്ടു. കോവിഡ് പരിശോധനയ്ക്കായി സര്‍ക്കാര്‍ ലാബുകള്‍ വികസിപ്പിക്കുന്നതിന് 20.41 കോടി രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിച്ച കുടിയേറ്റ വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പിഎം കെയര്‍ ഫണ്ടില്‍നിന്ന് ചെലവഴിച്ചത് 1,000 കോടി രൂപമാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top