Section

malabari-logo-mobile

പ്ലസ് വണ്‍: 97 അധിക ബാച്ചുകള്‍ അനുവദിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Plus one: Minister V Sivankutty said that 97 additional batches have been sanctioned

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് 97 അധിക ബാച്ചുകളില്‍ നിന്ന് 5820 അധിക സീറ്റുകള്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പുതുതായി അനുവദിച്ച 97 ബാച്ചുകളില്‍ 57 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളിലും 40 എണ്ണം എയിഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്.

ഇതിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 3420 ഉം എയ്ഡഡ് സ്‌കൂളുകളില്‍ 2400ഉം സീറ്റുകള്‍ അധികമായി ലഭിക്കും. ജില്ലാ/ ജില്ലാന്തര സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫറും നടത്തി ഹയര്‍സെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് 4 ബാച്ചുകളില്‍ 240 സീറ്റുകള്‍, കോഴിക്കോട് 11 ബാച്ചുകളില്‍ നിന്നായി 660 സീറ്റുകള്‍, മലപ്പുറം 53 ബാച്ചുകളില്‍ നിന്നായി 3180 സീറ്റുകള്‍, വയനാട് 4 ബാച്ചുകളില്‍ നിന്നായി 240 സീറ്റുകള്‍, കണ്ണൂര്‍ 10 ബാച്ചുകളില്‍ നിന്നായി 600 സീറ്റുകള്‍, കാസറഗോഡ് 15 ബാച്ചുകളില്‍ നിന്നായി 900 സീറ്റുകള്‍ എന്നിങ്ങനെ അധികമായുണ്ടാകും.

sameeksha-malabarinews

2021-2022 അധ്യയന വര്‍ഷത്തില്‍ അനുവദിച്ച 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരും. ഇതിനു പുറമേ ആദിവാസി ഗോത്ര വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധം രണ്ട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളായ നല്ലൂര്‍നാട് ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കല്‍പ്പറ്റ ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചിട്ടുള്ളത് ഈ വര്‍ഷവും തുടരും. ഈ വര്‍ഷം ആദ്യം വിവിധ ജില്ലകളില്‍ നിന്നും 14 ബാച്ചുകള്‍ മലപ്പുറം ജില്ലയിലേയ്ക്കും ഷിഫ്റ്റ് ചെയ്തിട്ടുണ്ട്.

ഇതുവരെയുള്ള മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അധിക താല്‍ക്കാലിക ബാച്ചുകള്‍ എന്നിവയിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 37655 സീറ്റുകളുടെയും എയിഡഡ് സ്‌കൂളുകളില്‍ 28755 സീറ്റുകളുടെയും വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ആകെ വര്‍ദ്ധനവ് 66410 സീറ്റുകള്‍.

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് അഡ്മിഷനു ശേഷമുള്ള മെറിറ്റ് ക്വാട്ടയിലെ ഒഴിവ്, എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ടയില്‍ ജൂലൈ 26 ന് വൈകിട്ട് 5 മണിവരെയുള്ള പ്രവേശനത്തിനു ശേഷമുള്ള ഒഴിവുകള്‍ എന്നിവയോടൊപ്പം താല്‍ക്കാലികമായി സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ അനുവദിക്കുന്ന 97 ബാച്ചുകളുടെ സീറ്റുകളും കൂടി ഉള്‍പ്പെടുത്തി ജൂലൈ 29 ന് ജില്ലയ്ക്കകത്തുള്ള സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കും. എല്ലാ പ്രദേശത്തും സീറ്റുകളുടെയും ബാച്ചുകളുടെയും സന്തുലനാവസ്ഥ നിലനിര്‍ത്തുക എന്നതാണ് ഗവണ്‍മെന്റിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!