Section

malabari-logo-mobile

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും

HIGHLIGHTS : Plus One classes will start today in the state

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ ഇന്ന് ആരംഭിക്കും. വിദ്യാര്‍ത്ഥികളെ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ 9 മണിയ്ക്ക് സ്വീകരിക്കും. ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്ഥിരപ്രവേശനം നേടിയ ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. 3,22,147 വിദ്യാര്‍ഥികള്‍ ആദ്യദിനം ക്ലാസിലെത്തും. മെറിറ്റ് സീറ്റില്‍ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയില്‍ 19,251 പേരും മാനേജ്‌മെന്റ് സീറ്റില്‍ 19,192 പേരും അണ്‍എയ്ഡഡ് സ്‌കൂളില്‍ 10,583 പേരുമാണ് പ്രവേശനം നേടിയത്.
സ്‌പോര്‍ട് ക്വാട്ടയില്‍ 4,333 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 868 പേരുമാണ് പ്രവേശനം നേടിയത്. മെറിറ്റില്‍ ഇനി അവശേഷിക്കുന്ന 41, 222 സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ നടത്തും.

2076 സര്‍ക്കാര്‍ എയിഡഡ്-അണ്‍ എയിഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. ഇത്രയും വേഗത്തില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസവകുപ്പിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഫലമായാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

sameeksha-malabarinews

2023 ല്‍ ജൂലായ് 5 നും 2022 ല്‍ ആഗസ്റ്റ് 25 നുമാണ് ക്ലാസുകള്‍ തുടങ്ങിയിരുന്നത്.ഇനിയും അഡ്മിഷന്‍ ലഭിക്കാനുള്ളവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റ്റ് സമയത്ത് അഡ്മിഷന്‍ ലഭിക്കുന്നതാണ്. അതും വളരെവേഗം പൂര്‍ത്തിയാക്കുന്നതായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പത്താംക്ലാസ് വരെ എല്ലാവിഷയങ്ങളും പൊതുവായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്ററിയില്‍ വിവിധ വിഷയ കോമ്പിനേഷനുകളായി തിരിഞ്ഞ് പഠിക്കുകയാണ് ചെയ്യുന്നത്. 46 വിഷയ കോമ്പിനേഷനുകളാണ് കേരളത്തില്‍ നിലവിലുള്ളതെന്നത് വ്യത്യസ്ത താല്പര്യക്കാരെ പരിഗണിക്കുന്നതിന് ഉദാഹരണമാണ്. ഭാവിജീവിതത്തില്‍ വിവിധ മേഖലകളിലേക്ക് കടന്നുപോയി ജീവിതനേട്ടങ്ങള്‍ കൈവരിക്കാനുള്ള അടിത്തറയൊരുങ്ങുന്നത് ഹയര്‍സെക്കന്ററിയിലാണ്. ആയതിനാല്‍ വളരെ ശ്രദ്ധാപൂര്‍വം പഠനത്തെ സമീപിക്കേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളിലൂടെ വളരെ മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഇന്ന് സ്‌കൂളുകളില്‍ ലഭ്യമാണ്. അവ പ്രയോജനപ്പെടുത്തി മികച്ച വിദ്യാഭ്യാസം നേടുന്നതിന് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കഴിയണമെന്ന് മന്ത്രി പറഞ്ഞു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എല്ലാ ഹയര്‍സെക്കന്ററി അധ്യാപകര്‍ക്കും അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 4 ദിവസത്തെ അധ്യാപക പരിശീലനം നല്‍കിയിട്ടുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ അത് സഹായിക്കുന്നതാണ്. പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കാനാരംഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വളരെ മികച്ച അധ്യയന വര്‍ഷം ആശംസിക്കുന്നു. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 25 ന് വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്തിട്ടുണ്ട്, ആ യോഗത്തിന്റെ അടിസ്ഥാനത്തിലും നടപടി ആവശ്യമെങ്കില്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജൂലൈ രണ്ടിന് എല്ലാ സ്‌കൂളിലെയും ഒഴിവുള്ള സീറ്റിന്റെ കണക്ക് ഹയര്‍സെക്കന്‍ഡറി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവരും മുമ്പ് അപേക്ഷിക്കാത്തവരും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണം. ഇതിന്റെ വിവരങ്ങള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!