HIGHLIGHTS : Plus One classes will begin on June 18th

തിരുവനന്തപുരം:മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയാക്കി 2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകര്‍ക്ക് നല്‍കി.
സര്‍ക്കാര്‍,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,000 സീറ്റുകളിലേക്കാണ് അലോട്ട്‌മെന്റ് നടക്കുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട,അണ്‍-എയ്ഡഡ് ക്വാട്ട സീറ്റുകള്‍ ഉള്‍പ്പടെ ആകെ 4,42,012 ഹയര്‍സെക്കണ്ടറി സീറ്റുകള്‍ സംസ്ഥാനത്ത് ലഭ്യമാണ്.
മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2 ന് വൈകിട്ട് 5 മണിയ്ക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂണ്‍ 3 ന് രാവിലെ 10 മുതല്‍ ജൂണ്‍ 5 വൈകിട്ട് 5 മണി വരെ നേടാം. ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.