കളിക്കളങ്ങള്‍ കയ്യെത്തും ദൂരത്ത്: കായികക്ഷമത ഉറപ്പാക്കാന്‍ സര്‍ക്കാര്‍

ഒരു നാടിന്‍റെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ചയില്‍ കായികപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാനും വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന പൗരൻമാരെ വളര്‍ത്തി കൊണ്ടുവരാനും വ്യാപകമായ കായിക-ശാരീരികക്ഷമതാ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. അതുകൊണ്ട് തന്നെ എല്ലാ ജനങ്ങള്‍ക്കും കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സജ്ജമാക്കുകയാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിലൂടെ.

കായികമേഖലയുടെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുള്ള കായിക വകുപ്പിന്‍റെ സ്വപ്നപദ്ധതിയാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം. മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുകയാണ് 2023 ഏപ്രിലില്‍ തുടക്കമിട്ട പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് ആദ്യ കളിക്കളം നിര്‍മ്മാണം തുടങ്ങിയത്. രണ്ടാമതാണ് ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ചിറക്കര ഗവണ്‍മെന്‍റ് ഹൈസ്കൂളിലാണ് നടപ്പാക്കുന്നത്.

ഒരു കാലത്ത് നാടെങ്ങും കളിക്കളങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ കായികവളര്‍ച്ചയുടെ അടിസ്ഥാനം തന്നെ ഈ കളിക്കളങ്ങള്‍ ആയിരുന്നു. എന്നാല്‍, പിന്നീട് ഭൂരിപക്ഷം കളിക്കളങ്ങളും ഇല്ലാതായി. കായികമികവ് തിരിച്ചുകൊണ്ടുവരാനും കായിക പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവര്‍ക്കും അവസരം നല്‍കാനും കളിക്കളങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്. അതിനുള്ള ചുവടുവെപ്പാണ് ഈ പദ്ധതി.

സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ കളിക്കളം ഇല്ലെന്നാണ് കണക്ക്. 3 വര്‍ഷത്തിനകം ഈ പഞ്ചായത്തുകളിലെല്ലാം കളിക്കളം ഒരുക്കും. ആദ്യ ഘട്ടം 124 പഞ്ചായത്തുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ പ്രകാരം ഒരു കളിക്കളത്തിന് 1 കോടി രൂപ വേണം. ഇതില്‍ 50 ലക്ഷം രൂപ കായിക വകുപ്പ് മുടക്കും.  എംഎല്‍എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സിഎസ്ആര്‍, പൊതു-സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുക  കണ്ടെത്തും.

പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രമാണ് ഒരുക്കുക. ഏതു കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തില്‍ ആവശ്യമെന്ന് കണ്ടെത്തി അതാണ് അവിടെ തയ്യാറാക്കുക. ഇതിനൊപ്പം നടപ്പാത, ഓപ്പണ്‍ ജിം, ടോയ്ലറ്റ്, ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. പ്രാദേശികതല ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താന്‍ സഹായകമായ കേന്ദ്രം കൂടിയാകുമിത്.

സ്കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയില്‍ കളിക്കളം ഒരുക്കാന്‍ കഴിയുക. കായികവകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷനാണ് കളിക്കളങ്ങളുടെ നിര്‍മ്മാണ ചുമതല. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കളിക്കളം സ്ഥല ഉടമയ്ക്ക് കൈമാറും. തുടര്‍ന്നുള്ള നടത്തിപ്പിനും അറ്റകുറ്റപ്പണിയ്ക്കും പ്രാദേശികതലത്തില്‍ മാനേജിങ്ങ് കമ്മിറ്റിയെ തെരഞ്ഞെടുക്കും.

ഈ കളിക്കളങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രാദേശിക ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക ലൈബ്രറികള്‍, കമ്മ്യൂണിറ്റി നെറ്റ്വര്‍ക്കുകള്‍, സാമൂഹിക സംഘടനകള്‍, എന്‍ജിഒകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. പ്രാദേശിക കായിക ഇനങ്ങള്‍ക്ക് ഈ കളിക്കളങ്ങള്‍ വലിയ പ്രോത്സാഹനമാകും. ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് കളികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പ്രത്യേകിച്ചും ഈ മേഖലകളിലെ സ്ത്രീകള്‍ക്ക് ഇത് നല്ലൊരു സാധ്യതയാണ്.

പ്രദേശികമായി മത്സരങ്ങള്‍ സംഘടിപ്പിക്കാനും ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കാനും ഈ കളിക്കളങ്ങള്‍ പ്രയോജനപ്പെടും. ഇവിടെ നിന്ന് പ്രതിഭയുള്ള താരങ്ങളെ കണ്ടെത്താനും കഴിയും. പ്രദേശിക പരിശീലകരുടെയും മേഖലയിലെ മുന്‍കാല കായിക താരങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തി ഇവിടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാം.

ഈ കളിക്കളങ്ങള്‍ നല്ല നിലയില്‍ പരിപാലിക്കുക എന്നത് പ്രധാനമാണ്. ഈ കളിക്കളം ഉപയോഗ ശൂന്യമാകുന്ന സ്ഥിതി ഉണ്ടായാല്‍ എസ് കെ എഫ് ഏറ്റെടുത്ത് പരിപാലനം നിര്‍വഹിക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്.

Share news
error: Content is protected !!
Scroll to Top