Section

malabari-logo-mobile

കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷയേകി കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്ലാസ്മദാന ക്യാമ്പ്

HIGHLIGHTS : കോട്ടക്കല്‍ : കോവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്നവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്ലാസ്മദാന ക്...

കോട്ടക്കല്‍ : കോവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്നവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്ലാസ്മദാന ക്യാമ്പ് നടത്തി.
മെഡിക്കല്‍ ഓഫീസര്‍ ഡോ. സയിദ് ഫസലിന്റെയും ഡോ. സലീലയുടെയും നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ കോവിഡ് രോഗവിമുക്തരായ കോട്ടക്കല്‍ കുടുംബരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ മുഹമ്മദ് റാസിയും ആറോളം ആരോഗ്യപ്രവര്‍ത്തകരും ആദ്യ പ്ലാസ്മ ദാതാക്കളായി മാതൃകയായി. കോട്ടക്കല്‍ നഗരസഭയില്‍ കോവിഡ് രോഗ വിമുക്തരായ 1125 ലധികം ആളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നാണ് പ്ലാസ്മ സ്വീകരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും ജില്ലാ ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ നടത്തിയ ആദ്യ ക്യാമ്പില്‍ 52 പേരുടെ പ്ലാസ്മയാണ് ശേഖരിച്ചത്.

ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെയായി 1200 ഓളം രോഗികളാണ് കോട്ടക്കല്‍ നഗരസഭയില്‍ മാത്രമുള്ളത്. രോഗ വിമുക്തി നേടിയവരും ഇവിടെ കൂടുതലാണെന്ന കാരണത്താലാണ് പ്ലാസ്മ ദാനത്തിനായി കോട്ടക്കല്‍ നഗരസഭയില്‍ സൗകര്യമൊരുക്കിയത്. പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 55 കിലോയിലധികം ഭാരമുള്ള കോവിഡ് വിമുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. കോവിഡ് രോഗാണുവിനെതിരായ ആന്റിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍ നിന്ന് ലഭ്യമാവും. അതിനാല്‍ കോവിഡ് ഭേദമായി 28 ദിവസം മുതല്‍ നാല് മാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍ നിന്ന് പ്ലാസ്മ ശേഖരിക്കുക. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്മ ഒരു വര്‍ഷം വരെ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയും.

sameeksha-malabarinews

പ്ലാസ്മ ദാനത്തിനായി നിരവധിപേര്‍ താത്പര്യമറിയിക്കുന്നതായി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രജിത് ഗോപിനാഥ് പറഞ്ഞു. കോവിഡ് ബാധിതരായി ദുരിതമനുഭവിക്കുന്ന നിരവധി രോഗികള്‍ക്ക് ക്യാമ്പ് ആശ്വാസകരമാകുമെന്നും വരും ആഴ്ചകളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇതുവരെയായി 4,000 ത്തിലധികം ആന്റിജന്‍ പരിശോധനയും 1,000 ലധികം ആര്‍.ടി.പി.സി.ആര്‍ പരിശോധനയുമാണ് നടത്തിയിട്ടുള്ളതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!