ഫൈസര്‍ വാക്സിനെതിരെ അമേരിക്കയിലും ബ്രിട്ടനിലും മുന്നറിയിപ്പ് . അമേരിക്കയില്‍ കോവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബെല്‍സ് പാല്‍സി സ്ഥിരീകരിച്ചു. മുഖത്തെ പേശികള്‍ താത്ക്കാലികമായി തളര്‍ന്നു പോകുന്ന രോഗമാണ് ബെല്‍സ് പാല്‍സി.
ബ്രിട്ടനില്‍ വാക്‌സിന്‍ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേരും സ്ഥിരമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉള്ളവരാണ്. ഇതിനെ തുടര്‍ന്ന് അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ വാക്സിന്‍ സ്വീകരിക്കരുതെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം ബ്രിട്ടനും ബഹ്‌റൈനും അനുമതി നല്‍കിയതിന് പിന്നാലെ ഫൈസര്‍ – ബയോടെക് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കാനഡയും അനുമതി നല്‍കി. ചൊവ്വാഴ്ചയാണ് യുകെയില്‍ ഫൈസര്‍ വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്. തൊണ്ണൂറുകാരിയായ മാര്‍ഗരറ്റ് കീനാന്‍ എന്ന മുത്തശ്ശിയാണ് യുകെയില്‍ ആദ്യമായി ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചത് .




