Section

malabari-logo-mobile

പെട്രോള്‍ സബ്‌സിഡികള്‍ എടുത്തുകളയാനുള്ള യുഎഇ തീരുമാനം ഖത്തറും മാതൃകയാക്കുന്നു

HIGHLIGHTS : ദോഹ: പെട്രോള്‍ സബ്‌സിഡികള്‍ എടുത്തുകളയാനുള്ള യു എ ഇയുടെ തീരുമാനം ഖത്തര്‍ ഉള്‍പ്പെടെ മറ്റ് ജി സി സി രാജ്യങ്ങളും മാതൃകയാക്കാന്‍ സാധ്യതയുണ്ടെന്ന് റേറ...

79750064ദോഹ: പെട്രോള്‍ സബ്‌സിഡികള്‍ എടുത്തുകളയാനുള്ള യു എ ഇയുടെ തീരുമാനം ഖത്തര്‍ ഉള്‍പ്പെടെ മറ്റ് ജി സി സി രാജ്യങ്ങളും മാതൃകയാക്കാന്‍ സാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ കണ്ടെത്തല്‍. മേഖലയിലെ മറ്റു രാജ്യങ്ങളും യു എ ഇക്ക് പിന്നാലെ സബ്‌സിഡി എടുത്തുകളയുന്നതിന്റെ ഗുണം തിരിച്ചറിഞ്ഞേക്കുമെന്നാണ് ഫിച്ചിന്റെ കണ്ടെത്തല്‍. ചെലവു ചുരുക്കലിലും സാമ്പത്തിക നേട്ടങ്ങളിലും സബ്‌സിഡി എടുത്തു കളയുന്നത് ഗുണം ചെയ്യും.
ആഗസ്ത് ഒന്നുമുതല്‍ യു എ ഇയില്‍ ആഗോള വിലയ്ക്കനുസരിച്ചാണ് പെട്രോള്‍ വില ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ ഇത് രാജ്യത്തെ ജനങ്ങളുടെ ജീവിതച്ചെലവില്‍ വലിയ വ്യത്യാസങ്ങളുണ്ടാക്കില്ലെന്നാണ് ഊര്‍ജ്ജ മന്ത്രി പറഞ്ഞത്.
എണ്ണ വിലയിലുണ്ടായ താഴ്ചയെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ഗള്‍ഫ് രാജ്യങ്ങളോട് സബ്‌സിഡി പദ്ധതികളെ കുറിച്ച് പുനരാലോചിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒമാന്‍, യു എ ഇ മന്ത്രിമാര്‍ ഈ കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ടായിരുന്നു. വെള്ളത്തിന്റേയും വൈദ്യുതിയുടേയും കാര്യത്തിലും ഇതേ തീരുമാനമെടുക്കാന്‍ ആലോചിക്കുന്നുണ്ട്.
സബ്‌സിഡി നല്കുന്നതിലൂടെ മികച്ച സാമ്പത്തികരംഗം ഉണ്ടാക്കിയെടുക്കാനാവില്ലെന്ന് 2014 ജൂണില്‍ യു എ ഇ ഊര്‍ജ്ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂഇ പറഞ്ഞിരുന്നു. വൈദ്യുതി ഉപഭോഗം യു എ ഇയിലേത് ആഗോള കണക്കുകളേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാണെന്നും ഈ കാര്യത്തില്‍ തങ്ങള്‍ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രവാസികള്‍ക്ക് അനുവദിക്കുന്ന സബ്‌സിഡികള്‍ നിര്‍ത്തലാക്കുമെന്ന് മെയ് മാസത്തില്‍ ബഹറൈനും പ്രഖ്യാപിച്ചിരുന്നുവെങ്കിലും എപ്പോള്‍ മുതലാണ് ഇത് നടപ്പിലാക്കുകയെന്ന് അറിയിച്ചിരുന്നില്ല.
എണ്ണ വിലയിലെ സബ്‌സിഡി ഒഴിവാക്കുന്ന കാര്യത്തില്‍ ഖത്തര്‍ ഇതുവരെ പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. വാഹന വില്‍പ്പന വെബ്‌സൈറ്റായ കാര്‍മുദിയുടെ ഏറ്റവും പുതിയ സര്‍വേ പ്രകാരം ലോകത്തില്‍ ഏറ്റവും കുറവ് പെട്രോള്‍ വിലയുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. രാജ്യത്ത് സൂപ്പര്‍ പെട്രോളിന് ഒരു റിയാലും പ്രീമിയത്തിന് 85 ദിര്‍ഹവുമാണ് പൊതുവിപണിയില്‍ ഈടാക്കുന്നത്. സബ്‌സിഡി നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ഖത്തര്‍ ഔദ്യോഗികമായി യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും ധൂര്‍ത്തും പണച്ചെലവും നടത്താന്‍ താത്പര്യമില്ലെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി പ്രഖ്യാപിച്ചിരുന്നു.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം ഖത്തറിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ (ജി ഡി പി) 1.64 ശതമാനം മാത്രമാണ് എണ്ണ സബ്‌സിഡി വരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറവ് ഖത്തറിലാണ്. സഊദി അറേബ്യയിലും ബഹറൈനിലുമാണ് ജി ഡി പിയുടെ ഏറ്റവും കൂടുതല്‍ എണ്ണ സബ്‌സിഡി നല്കുന്നത്. ഇവിടങ്ങളില്‍ ജി ഡി പിയുടെ 4.62 ശതമാനമാണ് സബ്‌സിഡി ഇനത്തില്‍ കുറയുന്നത്.
ഖത്തറിനെ സംബന്ധിച്ചിടത്തോളം എണ്ണേതര സാമ്പത്തിക വളര്‍ച്ചയാണ് അടുത്ത കാലത്തായി ലക്ഷ്യമിട്ടിട്ടുള്ളത്.
അമേരിക്കന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തറില്‍ ബനാന അയലന്റിലേക്കും മരുഭൂ ടൂറിസം ലക്ഷ്യമാക്കിയും എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഖത്തറിന് പുറമേ ബഹറൈനും ടൂറിസം മേഖലകളിലേക്കും വിദ്യാഭ്യാസ മേഖലകളിലേക്കുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!