പെരിയ ഇരട്ടക്കൊലക്കേസ്; ആദ്യ എട്ടു പ്രതികള്‍ക്കും പത്ത്, പതിനഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

HIGHLIGHTS : Periya double murder case; Double life imprisonment for the first eight accused, as well as the tenth and fifteenth accused

careertech

പെരിയ ഇരട്ടക്കൊല കേസില്‍ ഒന്നു മുതല്‍ എട്ടുവരെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കൊച്ചി സിബിഐ കോടതി. ഇതു കൂടാതെ, പത്ത്, പതിനഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു. തടവ് ശിക്ഷ കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. ബാക്കിയുള്ള പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴ ശിക്ഷയുമാണ് ജഡ്ജി ശേഷാദ്രിനാഥന്‍ വിധിച്ചിരിക്കുന്നത്. ആകെ 24 പ്രതികളില്‍ 14 പ്രതികളെ ആണ് കുറ്റക്കാരായി സിബിഐ ജഡ്ജി ശേഷാദ്രിനാഥന്‍ കണ്ടെത്തിയിരുന്നത്.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ കൃത്യം അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

sameeksha-malabarinews

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 2019 ഫെബ്രുവരി 17ന് ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരനാണ് ഒന്നാം പ്രതി. എ.പീതാംബരനുള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും ഉദുമ മുന്‍ എംഎല്‍എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 10 പേരെ സിബിഐ ഡിവൈഎസ്പി ടി.പി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 11 പേരും സിബിഐ അറസ്റ്റ് ചെയ്ത 5 പേരും ഇപ്പോഴുംജയിലിലാണ്. 24 പ്രതികളാണ് കേസില്‍ ഉള്ളത്.ശിക്ഷ വിധി പറയുന്നത് മുന്‍നിര്‍ത്തി പെരിയയിലും കല്യോട്ടുമടക്കം പോലീസ് കനത്ത സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും തുടര്‍നടപടി തുടങ്ങുംമുന്‍പേ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചവേളയില്‍ കോടതിയുടെ വിമര്‍ശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. രണ്ടുവര്‍ഷത്തോളം നടന്ന വിചാരണയാണ് സിബിഐ കോടതിയില്‍ നടന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!