മത വിദ്വേഷ പരാമര്‍ശ കേസ്;പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

കോട്ടയം: ചാനല്‍ ചര്‍ച്ചക്കിടെ മതവിദ്വേഷ പരമാര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്.

അഭിഭാഷകനോടൊപ്പമാണ് പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങാനെത്തിയത്. അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കം മറികടന്നാണ് പി സി ജോര്‍ജ് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയത്.

നേരത്തെ കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ശനിയാഴ്ച പൂഞ്ഞാറിലെ വീട്ടില്‍ നോട്ടീസ് നല്‍കാനെത്തിയ പൊലീസ് സംഘം പി സി ജോര്‍ജ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോര്‍ജ് പാലാ ഡിവൈഎസ്പി ഓഫീസില്‍ കത്തും നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. എന്നാല്‍ പൊലീസ് ഈ കത്തിന് മറുപടി നല്‍കിയിരുന്നില്ല.

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശനം നടത്തിയതിന് പിന്നാലെ പി സി ജോര്‍ജ് അന്ന് സമൂഹമാധ്യമങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നല്‍കിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്.

 

Share news
error: Content is protected !!
Scroll to Top