Section

malabari-logo-mobile

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല

HIGHLIGHTS : ന്യൂഡല്‍ഹി > 1989 ജനുവരി 26നുശേഷം ജനിച്ചവര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ബന്ധമായും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഇള...

ന്യൂഡല്‍ഹി > 1989 ജനുവരി 26നുശേഷം ജനിച്ചവര്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ബന്ധമായും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഇളവ്. ഇനി മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ഏതൊരാളും ജനന സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ (എസ്എസ്എല്‍സി) സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതി, ജനനത്തീയതി അടക്കമുള്ള പാന്‍ കാര്‍ഡ്, ആധാര്‍- ഇ ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പോളിസി ബോണ്ട് എന്നിവയില്‍ ഏതെങ്കിലും ജനനത്തീയതി തെളിയിക്കുന്നതിനായി സമര്‍പ്പിച്ചാല്‍ മതിയാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥന്റെ ഒപ്പോടെയുള്ള ജനനത്തീയതി രേഖപ്പെടുത്തിയിട്ടുള്ള സര്‍വീസ് റെക്കോഡ് ഹാജരാക്കാം.  സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ക്ക് പേ പെന്‍ഷന്‍ ഓര്‍ഡര്‍ ഹാജരാക്കാം.

ദത്തെടുത്ത കുട്ടികളുടെയും ഏകരക്ഷിതാവുള്ള കുട്ടികളുടെയും പാസ്‌പോര്‍ട്ട് അപേക്ഷകളുടെ കാര്യത്തിലും നയപരമായ മാറ്റം വരുത്തിയിട്ടുണ്ട്. അച്ഛന്റെ പേര് പാസ്പോര്‍ട്ട് അപേക്ഷയില്‍ പരാമര്‍ശിക്കേണ്ടതില്ലെന്ന് അമ്മയോ കുട്ടിയോ താല്‍പ്പര്യപ്പെട്ടാല്‍ അപേക്ഷ എങ്ങനെയാകാമെന്ന കാര്യത്തിലും മാറ്റം വരുത്തി. ഇത്തരം പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദേശ മന്ത്രാലയത്തിലെയും വനിതാ- ശിശുവികസന മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു മൂന്നംഗ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പുതിയ മാറ്റങ്ങളെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.

sameeksha-malabarinews

ഇനി മുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്‍, അമ്മ, നിയമപരമായ രക്ഷിതാവ് എന്നിവരില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് ചേര്‍ത്താല്‍ മതി. അച്ഛന്റെയും അമ്മയുടെയും പേര് ഒന്നിച്ചാവശ്യമില്ല. ഏകരക്ഷിതാവുള്ള കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് അപേക്ഷിക്കാന്‍ ഇത് എളുപ്പമാകും. അച്ഛനമ്മമാരില്‍ ഒരാളുടെ മാത്രം പേര് മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്കും പുതിയ മാറ്റം സഹായകമാണ്. അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധങ്ങളുടെ എണ്ണം 15ല്‍നിന്ന് ഒമ്പതാക്കി. നിലവിലെ എ, സി, ഡി, ഇ, ജെ, കെ എന്നീ അനുബന്ധങ്ങളാണ് ഒഴിവാക്കിയത്.

എല്ലാ അനുബന്ധങ്ങളും വെള്ളപേപ്പറില്‍ സ്വയം സാക്ഷ്യപ്പെടുത്തലോടെ സമര്‍പ്പിക്കാം. നോട്ടറി, എക്സിക്യൂട്ടീവ് മജിസ്ട്രേട്ട്, ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എന്നിവരുടെ സാക്ഷ്യപ്പെടുത്തല്‍ ഇനി ആവശ്യമില്ല. വിവാഹിതരായ അപേക്ഷകര്‍ അനുബന്ധം കെ അഥവാ വിവാഹ സര്‍ട്ടിഫിക്കറ്റ് ഇനി സമര്‍പ്പിക്കേണ്ടതില്ല. വിവാഹമോചിതരായവരും വേര്‍പെട്ട് കഴിയുന്നവരും പങ്കാളിയുടെ പേര് അപേക്ഷയില്‍ പരാമര്‍ശിക്കേണ്ടതില്ല. വിവാഹമോചിതരായതിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടതില്ല. ജനന സര്‍ട്ടിഫിക്കറ്റോ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റോ കോടതിയുടെ വെളിപ്പെടുത്തല്‍ ഉത്തരവോ ഇല്ലാത്ത അനാഥക്കുട്ടികള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അനാഥാലയത്തിന്റെ മേധാവിയുടെ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി. വിവാഹിതരായ ദമ്പതികളുടെ കുട്ടികളല്ലെങ്കില്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ അനുബന്ധം ജി മാത്രം സമര്‍പ്പിച്ചാല്‍ മതി.

രാജ്യത്തിനുള്ളില്‍ ദത്തെടുത്ത കുട്ടികളുടെ പാസ്പോര്‍ട്ട് അപേക്ഷയില്‍ ദത്തെടുക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല. വെള്ളപേപ്പറില്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. അടിയന്തരമായി പാസ്‌പോര്‍ട്ട് ആവശ്യമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്, എന്‍ഒസി സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിച്ചില്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തലോടെയുള്ള അനുബന്ധം എന്‍ സമര്‍പ്പിച്ചാല്‍ മതിയാകും. പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നുവെന്ന് മേലുദ്യോഗസ്ഥനെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്ന് ബോധിപ്പിക്കുന്നതാണ് ഈ അനുബന്ധം. സന്ന്യാസിമാര്‍ അപേക്ഷിക്കുമ്പോള്‍ അച്ഛനമ്മമാരുടെ പേര് നല്‍കേണ്ടതില്ല. പകരം ആത്മീയാചാര്യന്റെ പേര് രക്ഷിതാവിന്റെ സ്ഥാനത്ത് നല്‍കിയാല്‍ മതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!