പരപ്പനങ്ങാടിയില്‍ മത്സ്യവ്യാപാരിയെ തലക്കടിച്ച് വീഴ്ത്തി പണം കവര്‍ന്നു

പരപ്പനങ്ങാടി : മത്സ്യവില്‍പ്പന കഴിഞ്ഞ് മടങ്ങവെ വാഹനംതടഞ്ഞുവെച്ച് യുവാവിനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് പണം കവര്‍ന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി ഹെല്‍ത്ത്‌സെന്ററിന് സമീപത്ത് വെച്ചാണ് സംഭവം. അരിയല്ലൂര്‍ സ്വദേശി സജീറാ(43)ണ് ആക്രമിക്കപ്പട്ടത്. മത്സ്യം വിറ്റ പതിനായിരത്തോളം രൂപ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് കവര്‍ച്ചക്ക് പിന്നില്‍. ഇതില്‍ ഒരാള്‍ അരിയല്ലൂര്‍ സ്വദേശി ഉമ്മര്‍അലിയാണെന്ന് സജീര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ചെമ്മാട് നിന്നും ഞായറാഴച് രാത്രി പത്തേമുക്കാലോടെ കച്ചവടം കഴിഞ്ഞ് തന്റെ മിനി വാനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സജീര്‍. ഹെല്‍ത്ത് സെന്റര്‍ ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടിന് സമീപത്ത് വെച്ച് ബൈക്കിലെത്തിയ മൂന്നംഗസംഘം റോഡില്‍ സജീറിന്റെ വാഹനത്തിന് വിലങ്ങിടുകയായിരുന്നു. തുടര്‍ന്ന് സംഘം സജീറിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലെ പണം ബലപ്രയോഗത്തിലൂടെ എടുക്കുകയായിരുന്നു. ഇത് ചെറുക്കാന്‍ ശ്രമിച്ചതോടെ ഇയാളെ ഇരുമ്പുപൈപ്പുകൊണ്ട് തലക്കടിച്ചുവീഴ്ത്തി അക്രമിസംഘം പണവുമായി കടന്നുകളയുകയായിരുന്നത്രെ. ഉടന്‍ തന്നെ പരിക്കുകളോടെ സജീര്‍ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി. ഇതിനിടെ ഇയാള്‍ സ്‌റ്റേഷനില്‍ ബോധരഹിതനായി. തുടര്‍ന്നു ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീറിന്റെ തലക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ പ്രതികള്‍ക്കായി പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top