പരപ്പനങ്ങാടിയില്‍ റോഡ് വികസന തടസ്സങ്ങള്‍ നീക്കാന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം പ്രഹസനം; അക്വസിഷന് പണമില്ല, നിലപാടില്ലാതെ കക്ഷിനേതാക്കള്‍

ഹംസ കടവത്ത്
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ പരിധിയിലെ വികസന തടസങ്ങള്‍ക്ക് പരിഹാരം തേടി എം.എല്‍.എ കെപിഎ മജീദ് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പാതിവഴിയില്‍ മുടങ്ങിയ നഗരത്തിലെ റോഡ് വികസനത്തിന് പരിഹാരമായില്ല. പണമില്ലെന്ന സ്ഥിരംപല്ലവയില്‍ പ്രതികരണമില്ലാതെ സര്‍വ്വകക്ഷിയോഗം.

നാടുകാണി പരപ്പനങ്ങാടി പാത നിര്‍മാണത്തിന്റെ ഭാഗമായി പാതി വഴിയില്‍ മുടങ്ങി കിടക്കുന്ന റോഡിന്റെ വീതികൂട്ടലും, നടപ്പാത, ഡ്രെയിനേജിന്റെയും നിര്‍മാണ പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായി റോഡുവികസനത്തിനായി ആവിശ്യമായ ഭുമി അക്വസിഷന്‍ ചെയ്യുമെന്ന പ്രഖ്യാപനത്തില്‍ നിന്നും അധികൃതര്‍ സമര്‍ത്ഥമായി പിറകോട്ട് പോയിരിക്കുന്നു. നേരത്തെ അക്വസിഷന് പ്രത്യേക ഫണ്ട് നീക്കിവെച്ചിട്ടുണ്ടന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഇതിന് ആവശ്യമായ സാമ്പത്തികമില്ലന്ന് പറഞ് കൈ മലര്‍ത്തുകയാണ്. ഇപ്പോള്‍ നഗരമധ്യത്തില്‍ നിര്‍മാണം വഴി മുടങ്ങി കിടക്കുന്ന ഭാഗത്തെ കെട്ടിട ഉടമകളുമായി സംസാരിച്ച് സമവായത്തിലെത്താനാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായത്.

അതെ സമയം കേരളത്തില്‍ ഏറ്റവുമധികം കെട്ടിടനികുതി ഈടാക്കുന്ന പരപ്പനങ്ങാടി നഗരസഭയുടെ ഒരു സമവായത്തിനുമില്ലന്ന കടുത്ത നിലപാടാണ് കെട്ടിട ഉടമകളുടെ സംഘടന. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ 450 കോടി രൂപ നീക്കിവെച്ച പരപ്പനങ്ങാടി നാടുകാണി പദ്ധതി പാതി നിര്‍മ്മാണം പിന്നിട്ടപ്പോഴേക്കും 280.3 കോടി രൂപയായി പദ്ധതിയുടെ ഫണ്ട് ചെറുതാക്കിയതിനാലാണ് നേരത്തെ നടത്തുമെന്ന് ഉറപ്പു നല്‍കിയ അക്വസിഷന്‍ നടപടി പാടെ വേണ്ടെന്ന് വെക്കാന്‍ നിര്‍ബന്ധിതമായതെന്നായിരുന്നു യോഗത്തില്‍ വിശദീകരണം. സര്‍വ്വകക്ഷിയോഗത്തില്‍ എത്തിയ സംഘടനപ്രതിനിധികള്‍ ഈ വിഷയം പരിഹരിക്കാന്‍ യാതൊരു നിര്‍ദ്ദേശവും മുന്നോട്ട് വെച്ചിട്ടില്ല.

അതെ സമയം നിര്‍മണം പൂര്‍ത്തിയായ നടപ്പാതക്ക് മുകളില്‍ ടൈല്‍ വിരിക്കാനും സുരക്ഷ കൈവരി നിര്‍മിക്കാനും , ഹൈമാസ്റ്റ് വിളക് മാറ്റി സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായി.

സര്‍വ്വേ നടത്തി അക്വസിഷന്‍ നടത്തിയ ഇടങ്ങളില്‍ പോലും കയ്യേറ്റം തുടര്‍ക്കഥയാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോളുമുള്ളത്. മുടങ്ങിക്കിടക്കുന്ന സ്ഥലത്തെ ഡ്രൈനേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡ് വീതികൂട്ടിയില്ലെങ്ങില്‍ പരപ്പനങ്ങാടി നഗരത്തില്‍ ഗതാഗതക്കുരിക്കിന് ഒരു പരിഹാരവും ഉണ്ടാകില്ല. നാടിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കാനും, കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ആര്‍ജ്ജവവും, ഇച്ഛാശക്തിയുമുള്ള പ്രാദേശിക ഭരണകൂടങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും പരപ്പനങ്ങാടിയില്‍ ഇല്ല എന്നതും, ഇക്കാര്യത്തില്‍ ഇവരുടെ വഴുവഴുപ്പന്‍ നിലപാടുകളും എപ്പോഴും കയ്യേറ്റക്കാര്‍ക്ക് തണലാകുകയാണ്.

കെ.പി. എ മജീദ് എം. എല്‍. എ അദ്ധ്യക്ഷത വഹിച്ച നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍, നഗരസഭ വൈസ്‌ചെയര്‍ പേഴ്‌സണ്‍ ഹയിറുനിസ, സ്ഥിരസമിതി ചെയര്‍മാന്‍ മാര്‍ , കൗണ്‍സിലര്‍മാര്‍ , പഡബ്ലിയുഡി ഉദ്യാഗസ്ഥ മേധാവികള്‍,മുന്‍ എംഎല്‍എ പി.കെ. അബ്ദുറബ്ബ് വിവിധ കക്ഷി നേതാക്കളായ ഉമ്മര്‍ ഒട്ടുമ്മല്‍ , പാലക്കണ്ടി വേലായുധന്‍, തുളസിദാസ് , പി.ഒ . സലാം, ഗിരീഷ് തോട്ടത്തില്‍, വ്യാപാരി നേതാക്കളായ വിനോദ് കുമാര്‍ , അശ്‌റഫ് ജന്നാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top