വികസന സപ്ലിമെന്റ്; പരപ്പനങ്ങാടി നഗരസഭയില്‍ ബഹളം; ഇറങ്ങിപ്പോക്ക്

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വികസന സപ്ലിമെന്റ് പത്രത്തിന്റെ പേരില്‍ പരപ്പനങ്ങാടി നഗരസഭാ യോഗത്തില്‍ വാക്‌പോരും ബഹളവും. ഒടുവില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കും.

കഴിഞ്ഞ ദിവസം ദിനപത്രങ്ങള്‍ക്കൊപ്പം പരപ്പനങ്ങാടി നഗരസഭയില്‍ നടന്ന വികസന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രഭാതം എന്ന പേരില്‍ ഒരു സപ്ലിമെന്റ് പത്രം പുറത്തിറങ്ങിയിരുന്നു. കൗണ്‍സില്‍ യോഗം തുടങ്ങുമ്പോള്‍ തന്നെ ഈ പത്രത്തിലെ ഉള്ളടക്കം സംബന്ധിച്ച് തര്‍ക്കമുന്നയിച്ചു കൊണ്ട് പ്രതിപക്ഷ കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ രംഗത്തെത്തുകയായിരുന്നു. ഇതില്‍ പറയുന്ന പല പദ്ധതികളും നടപ്പിലാക്കാത്തതാണന്നും കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹാര്‍ബര്‍, PWDറോഡുകളുടെ വികസന മടക്കം നഗരസഭയുടെ നേട്ടമായി ഉയര്‍ത്തി കാണിക്കുന്നുവെന്നും ദേവന്‍ ആക്ഷേപിച്ചു.

തുടര്‍ന്ന് സംസാരിച്ച ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍ ഇത് നഗരസഭ പുറത്തിറക്കിയ പത്രമല്ലെന്നും, ചില മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളോട് വിവരങ്ങള്‍ ആരാഞ്ഞിരുന്നെന്നും വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം ഈ പത്രം കൗണ്‍സില്‍ തള്ളിക്കളയണമെന്നും നിയമ നടപടി സ്വീകരിക്കണമെന്ന ആവിശ്യവുമായി രംഗത്തെത്തി. എന്നാല്‍ ഭരണപക്ഷം ഇതിന് തയ്യാറായില്ല. ഇതോടെ അംഗങ്ങള്‍ പരസ്പരം വാക്‌പോരും ബഹളവുമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഇടത് ജനകീയ മുന്നണി കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങി പ്രകടനം നടത്തി.

ഇതിനിടെ തങ്ങളുടെതടക്കം ഫോട്ടോ വെച്ച സപ്ലിമെന്റില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി അംഗങ്ങളും കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ചു. വികസനത്തിന്റെ പ്രഭാതം എന്നപേരില്‍ പുറത്തിറക്കിയ സപ്ലിമെന്റില്‍ എല്ലാ കൗണ്‍സിലര്‍മാരുടെയും പടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top