പരപ്പനങ്ങാടി:താനൂരിലും പരപ്പനങ്ങാടിയിലും മോഷണം നടത്തിയ പാലക്കാട് നെല്ലായ ഏഴുവന്തല ചക്കിങ്ങ തൊടിയില്‍ നൗഷാദി(40)നെ തെളിവെടുപ്പിനായി പരപ്പനങ്ങാടിയില്‍ കൊണ്ടുവന്നു. പരപ്പനങ്ങാടി പരപ്പില്‍ റോഡില്‍ ഇ.കെ അബ്ദുള്‍ നാസറിന്റെ
ഭാര്യ ഷരീഫയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല ഉറക്കത്തില്‍ പൊട്ടിച്ചോടിയ കേസില്‍ തെളിവെടുപ്പിനായാണ് പോലീസ് ഇയാളെ മോഷണം നടന്ന വീട്ടില്‍ ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ് കൊണ്ടുവന്നത്.
കഴിഞ്ഞദിവസം പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പരപ്പനങ്ങാടി പോലീസിന്റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
കഴിഞ്ഞമാസമാണ് താനൂരിലെ നാട്ടുകാരും പോലീസും ചേര്‍ന്ന് സാഹസികമായി നൗഷാദിനെ പിടികൂടിയത്. കാട്ടിലങ്ങാടി ഭാഗത്ത് തുടര്‍ച്ചയായി മോഷണം നടന്നതോടെ നാട്ടുകാരും പോലീസും അന്വേഷണം ശക്തമാക്കിയിരുന്നു. രാത്രിയില്‍ ട്രെയിനിലെത്തിയ മോഷ്ടാവിനെ ഇവര്‍ പിടികൂടുകയായിരുന്നു.
ചെര്‍പ്പുളശ്ശേരിയില്‍ ഒന്നരകോടി രൂപ വീതം വിലവരുന്ന രണ്ട് ആഢംബര വീടുകളുള്ള പ്രതി നാട്ടുകാര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ നാട്ടിലെത്തുന്ന സമ്പന്നനായ പ്രവാസിയാണ്.




