പരപ്പനങ്ങാടിയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ പിടികൂടി .

പരപ്പനങ്ങാടി : സിസിടീവിയടക്കം അടിച്ചുമാറ്റി ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി നെടുവ ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം കുത്തി തുറന്നു പണം മോഷ്ടിക്കുകയും തെളിവ് നശിപ്പിക്കാന്‍ സിസിടിവിയടക്കം കൊണ്ടുപോയ കൊല്ലം പേരൂര്‍ സ്വദേശി വയലില്‍ പുത്തന്‍വീട്ടില്‍ അല്‍അമീന്‍ (27)ആണ് പിടിയിലായത് .

കൊല്ലത്തു മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ക്ഷേത്രത്തിലെ കളവില്‍ ഇയാളുടെ പങ്ക് വ്യക്തമാകുന്നത്. തുടര്‍ന്ന് ഇയാളെ പരപ്പനങ്ങാടി പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു .

കഴിഞ്ഞ മാര്‍ച്ചു 24 നാണു മോഷണം നടന്നത് . ക്യാമറ കൊണ്ടുപോയാല്‍ തന്റെ ചിത്രം പതിയില്ലെന്നു കരുതിയാണ് ഇയാള്‍ ക്യാമറ മാത്രം അടിച്ചുമാറ്റിയത്. ഇയാളെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Related Articles