
പരപ്പനങ്ങാടി: പാലത്തിങ്കൽ കീരനല്ലൂർ ന്യൂ കട്ടിൻ്റെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി നാടിൻ്റെ വികസന സ്വപ്നങ്ങൾക്ക് ആക്കം കൂട്ടുന്ന രീതിയിലുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്.
ഇതിൻ്റെ ഭാഗമായി കീരനല്ലൂർ ന്യൂ കട്ട് പ്രദേശത്ത് 150 മീറ്റർ നീളത്തിൽ ചെറിയ ഒരു പാർക്ക് നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
നഗരസഭകളിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻ്റ് അർബൻ ട്രാൻസ്ഫോർമേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കീരനല്ലൂർ ന്യൂ കട്ട് പ്രദേശത്ത് ഒരു മിനി പാർക്ക് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി പരപ്പനങ്ങാടി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം തയ്യാറാക്കിയ
ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് ഇന്നലെ നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദിന് 20 ആം ഡിവിഷൻ കൗൺസിലർ അസീസ് കൂളത്ത് കൈമാറി.
കീരനല്ലൂർ ന്യൂ കട്ട് പുഴയോട് ചേർന്ന് കിഴക്ക് ഭാഗത്ത് 150 മീറ്റർ നീളത്തിൽ ആണ് പ്രസ്തുത ടൂറിസം സ്ട്രിപ്പ് നിർമ്മിക്കുന്നത്. ഒരു കോടി പത്ത് ലക്ഷം രൂപയുടെ ഭരണാനുമതിക്കുള്ള അംഗീകാരം ലഭിച്ചിരുന്നു.ഭരണാനുമതിക്ക് ആവശ്യമായ എസ്റ്റിമേറ്റും, രൂപരേഖയും സമർപ്പിക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് പരപ്പനങ്ങാടി നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ പരമേശ്വരൻ്റെ നേതൃത്വത്തിൽ ഓവർസീയർമാരായ അഫ്സിൻ, ശബാബ് എന്നിവർ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റും, രൂപരേഖയും തയ്യാറാക്കിയത്.
ഓപ്പൺ സ്റ്റേജ്, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, ഇൻ്റർലോക്ക് പതിച്ച നടപ്പാത, ഗ്രാനൈറ്റ് പാകിയ ഇരിപ്പിടങ്ങൾ, തണൽ മരങ്ങൾ, ഹാപ്പിനസ് സോൺ എന്നിവ അടങ്ങിയതാണ് കീരനല്ലൂർ ന്യൂ കട്ട് ടൂറിസം സ്ട്രിപ്പ്.
ചടങ്ങിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ കെ ശഹർബാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി നിസാർ അഹമ്മദ്, പി വി മുസ്തഫ എന്നിവർ സംബന്ധിച്ചു.




