പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണം 11 മാസം കൊണ്ട് പൂര്‍ത്തിയാക്കണം;മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

പരപ്പനങ്ങാടി: പരപ്പനങ്ങാടി നിവാസികളുടെ സ്വപ്‌ന പദ്ധതിയായ മത്സ്യബന്ധന ഹാര്‍ബറിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ആയിരങ്ങളെ സാക്ഷി നിര്‍ത്തി ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഫ്‌ളാഗ്ഓഫ് ചെയ്തു. ചടങ്ങില്‍ പികെ അബ്ദുറബ്ബ് എംഎല്‍എ, മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ കൃഷണ്ന്‍, കൗണ്‍സിലര്‍മാരായ കെ പി എം കോയ, ദേവന്‍ ആലുങ്ങല്‍, കെ സി നാലര്‍, അലിക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്നു മന്ത്രിക്ക് ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ പൗരസ്വീകരണം നല്‍കി. പതിനൊന്ന് മാസം കൊണ്ട് സമയബന്ധിതമായി ഹാര്‍ബര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ഈ യോഗത്തില്‍ മന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു സബ്ഡിവിഷന്‍ ഓഫീസ് ഇവിടെ സ്ഥാപിക്കും. പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി ഓരോ മൂന്ന് മാസം കൂടുമ്പോള്‍ അവലോകന യോഗം നടത്തുമെന്നും സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുന്നതിനായി നേരിട്ടെത്തി ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി സൂചിപ്പിച്ചു.

പതിറ്റാണ്ടുകള്‍ പിന്നിട്ട മത്സ്യബന്ധന തൊഴിലാളികളുടെ ഹാര്‍ബര്‍ എന്ന ആവശ്യത്തിനുള്ള തുക വകയിരുത്തിയത് ഈ സര്‍ക്കാരാണ്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതിക്ക് 112 കോടി രൂപ അനുവദിച്ചത്. ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ 120 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. അധികമായി വരുന്ന തുകയും സര്‍ക്കാര്‍ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇപ്പോള്‍ രണ്ടായിരം ടണ്‍ കരിങ്കല്ലാണ് നിര്‍മ്മാണ സ്ഥലത്ത് എത്തിക്കുന്നത്. പതിനൊന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മൂവായിരം ടണ്‍ കല്ലെങ്കിലും ദിവസേന അടിക്കേണ്ടിവരും ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഇന്ന് രാവിലെ മുതല്‍ നിര്‍മ്മാണത്തിനുള്ള കരിങ്കല്‍ ലോഡുകള്‍ ഇവിടെ എത്തിതുടങ്ങിയിട്ടുണ്ട്. ഫ്‌ളാഗോഫിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പൗരസ്വീകരണത്തില്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് അധ്യക്ഷനായി. വേലായുധന്‍ വള്ളിക്കുന്ന്, തുടിശ്ശേരി കാര്‍ത്തികേയന്‍, എം സിദ്ധാര്‍ത്ഥന്‍, കൂട്ടായി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top