Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കും; മന്ത്രി സജി ചെറിയാന്‍

HIGHLIGHTS : Parappanangadi Harbor will be realized soon; Minister Saji Cherian

പരപ്പങ്ങാടി: മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഹാര്‍ബര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തിയ മന്ത്രി നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥയായിട്ടും ഇന്ന് മന്ത്രി പരപ്പനങ്ങാടി ചാപ്പപ്പടിയിലെ ഹാര്‍ബര്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു.

തീരദേശത്തെ പ്രവൃത്തി വിലയിരുത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിയാലോചനയും നടത്തി. പുലിമുട്ടിന്റെ ഉയരം കൂട്ടാനും കടലാക്രമണ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മിക്കാനും തകര്‍ന്ന മേഖലകളില്‍ പുനര്‍ നിര്‍മിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനങ്ങളും മന്ത്രി സ്വീകരിച്ചു.

sameeksha-malabarinews

പരപ്പനങ്ങാടി ഹാര്‍ബറിന്റെ 20 ശതമാനം പ്രവൃത്തിയാണ് ഇതിനകം പൂര്‍ത്തിയായത്. തെക്കെ പുലിമുട്ടിന്റെ പ്രവൃത്തി 570 മീറ്ററും വടക്കേ പുലിമുട്ടിന്റെ പ്രവൃത്തി 530 മീറ്ററും പൂര്‍ത്തിയായിട്ടുണ്ട്. പരപ്പനങ്ങാടി ചാപ്പപ്പടി – ചെട്ടിപ്പടി അങ്ങാടി കടപ്പുറങ്ങള്‍ക്കിടയിലായി 600 മീറ്റര്‍ നീളത്തില്‍ ഇരുവശത്തും ലേലപ്പുരയും ബോട്ട് ജെട്ടിയുമുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഹാര്‍ബറാണ് നിര്‍മിക്കുന്നത്. ലേലപ്പുര, ലോക്കര്‍ റൂം, ടോയ്ലറ്റുകള്‍, കാന്റീന്‍, വിശ്രമകേന്ദ്രം, ശുദ്ധജല വിതരണ സംവിധാനം എന്നീ സൗകര്യങ്ങളും ഹാര്‍ബറിലുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ കിഫ്.ബി മുഖേന അനുവദിച്ച 112.35 കോടി രൂപ വിനിയോഗിച്ചാണ് ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

കെ.പി.എ മജീദ് എംഎല്‍എ, ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷഹര്‍ബാനു, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.വി മുസ്തഫ, പി.പി ഷാഹുല്‍ ഹമീദ്, സി.നിസാര്‍ അഹമ്മദ്, സി.സീനത്ത് ആലിബാപ്പു, കൗണ്‍സിലര്‍മാരായ കെ.കാര്‍ത്തികേയന്‍, മെറീന ടീച്ചര്‍, ഗിരീഷ് ചാലേരി, തലക്കകത്ത് റസാഖ്, ടിആര്‍ റസാഖ്, ജുബൈരിയ്യ, ഫൗസിയ, ഉമ്മുകുത്സു, ഹാജിയാരകത്ത് കോയ, ഷാഹിദ, മുന്‍ എം.എല്‍.എ പികെ അബ്ദുറബ്, തീരദേശവികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഷെയ്ക്ക് പരീത,് തീരദേശവികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, ഹാര്‍ബര്‍ എഞ്ചിനീയറിങ് ചീഫ് എഞ്ചിനീയര്‍ ജോമോന്‍, ഹാര്‍ബര്‍ എഞ്ചിനീയര്‍ വകുപ്പ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത്, മലപ്പുറം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവ്, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍, ആഭരണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി സോമസുന്ദരന്‍, പട്ടികജാതി വികസന വകുപ്പ് അപ്പക്‌സ് സഹകരണ സംഘം ചെയര്‍മാന്‍ പാലക്കണ്ടി വേലായുധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!