പരപ്പനങ്ങാടിയില്‍ ഒറ്റ നമ്പര്‍ ലോട്ടറി കേന്ദ്രങ്ങളില്‍ റെയിഡ്: 4 പ്രതികള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി ; കേരള സര്‍ക്കാര്‍ ലോട്ടറിയുടെ നറുക്കെടുപ്പിനു സമാന്തരമായി മൂന്നക്ക ലോട്ടറികള്‍ വിറ്റ 4 പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടിപാലത്തിങ്ങല്‍ സ്വദേശി സിദ്ദിഖ്, താനൂര്‍ സ്വദേശി സുഹൈല്‍, പരപ്പനങ്ങാടി സ്വദേശി സലീം, ചിറമംഗലം സ്വദേശി വിജയ കൃഷ്ണന്‍, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരഞ്ഞെടുക്കുന്ന മൂന്ന് അക്കങ്ങള്‍ക്ക് ഒന്നിന് 10 രൂപ വീതം ആണ് ഇവര്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. അതാത് ദിവസങ്ങളില്‍ നറുക്കെടുക്കുന്ന ഗവ: ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹമായ നമ്പരിന്റെ അവസാനത്തെ മൂന്ന് അക്കങ്ങള്‍ ശരിയാവുന്നയാള്‍ക്ക് 5000 രൂപ വരെയാണ് ഇവര്‍ സമ്മാനമായി നല്‍കുന്നത്. ഈ കൂടിയ സമ്മാന തുകയില്‍ ആകൃഷ്ടരായി അന്വ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിവസവും ഇപ്രകാരം നമ്പര്‍ ലോട്ടറികള്‍ എടുത്തിരുന്നത്. ഇത്തരം ലോട്ടറി കടകളില്‍ എത്തിയും നടന്ന് എഴുതുന്നവര്‍ വഴിയും മൊബൈല്‍ ആപ്പിക്കേഷന്‍ വഴിയുമാണ് എഴുത്തു ലോട്ടറി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഒറ്റ നമ്പര്‍ ലോട്ടറി ഉപഭോക്താക്കള്‍ക്ക് വില്‍ക്കപ്പെടുന്നത്.

 

കേരള സംസ്ഥാന ലോട്ടറി നറുക്കെടുക്കുന്ന സമയത്തിന് മുന്‍പ് ഒറ്റ നമ്പര്‍ ലോട്ടറി കച്ചവടം തകൃതിയായി നടക്കുന്ന സമയം മനസിലാക്കിയായിരുന്നു പോലീസ് ഒരേ സമയം നാലു കടകളിലും റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ലോട്ടറി നമ്പറുകള്‍ രേഖപ്പെടുത്തിയ പേപ്പറുകളും മൊബൈലുകളും പണവും പോലീസ് പിടിച്ചെടുത്തു. ഒറ്റ നമ്പര്‍ ലോട്ടറി നടത്തിപ്പിനായി സാങ്കേതിക സഹായങ്ങള്‍ നല്‍കി വരുന്ന കണ്ണൂര്‍ ആസ്ഥാനമായുള്ള ലോട്ടറി ഏജന്‍സിയെ കുറിച്ചുള്ള അന്വേഷണം നടന്നു വരുന്നതായി പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ഹണി കെ. ദാസ് അറിയിച്ചു.
അഡീ.എസ്‌ഐ രാധാകൃഷ്ണന്‍ , പോലീസുകാരായ ദിലീപ്, രജീഷ്, സനില്‍, കിഷോര്‍, വിവേക്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Share news
error: Content is protected !!
Scroll to Top