Section

malabari-logo-mobile

ഉത്പാദന മേഖലക്കും പ്രളയാനന്തര ഗതാഗത പുന:നിര്‍മാണത്തിനും പട്ടികജാതി-വര്‍ഗ്ഗ ക്ഷേമത്തിനും ഊന്നല്‍ നല്‍കി ജില്ലാപഞ്ചായത്ത് ബജറ്റ്

HIGHLIGHTS : മലപ്പുറം: കോവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിച്ച് ജില്ലാപഞ്ചായത്ത് 2020-21 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച...

മലപ്പുറം: കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിച്ച് ജില്ലാപഞ്ചായത്ത് 2020-21 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. ജില്ലയിലെ ഉത്പാദന മേഖലക്കും പ്രളയാനന്തര ഗതാഗത പുന:നിര്‍മാണത്തി്നും ഭൂരഹിത – ഭവന രഹിതരുടെ പുനരധിവാസത്തിനും പട്ടികജാതി-വര്‍ഗ്ഗക്ഷേമത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അവതരിപ്പിച്ചത്. പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലയ്ക്ക് ഒട്ടേറെ നൂതന ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്ത് അവതരിപ്പിച്ച ബജറ്റ്ില്‍ 151,78,73,764 രൂപ വരവും 149,23,97,000 രൂപ ചെലവും 2,54,76,764 രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്.
ഉത്പ്പാദന മേഖലക്ക് 15.94 കോടി രൂപയും വിദ്യാഭ്യാസത്തിന് 11 കോടി, പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുന;നിര്‍മാണത്തിന് 31 കോടി, ആരോഗ്യ മേഖലയ്ക്ക് 6.18 കോടി, വനിതാ വികസനം, ശാക്തീകരണം 7.57 കോടി, ഭൂരഹിത – ഭവന രഹിതരുടെ പുനരധിവാസം 17.88 കോടി, സാമൂഹ്യ ക്ഷേമ – സുരക്ഷാ പദ്ധതികള്‍ക്ക് 3.78 കോടി, ശുചിത്വം – മാലിന്യ സംസ്‌കരണം 5.31 കോടി, വയോജനങ്ങളുടെ പ്രത്യേക പരിരക്ഷയ്ക്ക് 80 ലക്ഷവും, പട്ടികജാതി വിഭാഗത്തിന് 20.98 കോടി, പട്ടിക വര്‍ഗ്ഗത്തിന് 1.59 കോടി എന്നിങ്ങനെയാണ് ഫണ്ട് വകയിരുത്തിയിട്ടുള്ളത്.കൂടാതെ പ്രകൃതി ദുരന്ത മുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മുന്‍ കൂട്ടി സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ആതവനാട് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയ്നിങ് സെന്റര്‍, പച്ചക്കറി വിത്തുകള്‍ പൊതു സ്ഥലങ്ങളില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് ലഭ്യമാവുന്ന സീഡ് വെന്റിങ് മെഷീന്‍ തുടങ്ങിയ നൂതന ക്ഷേമ പദ്ധതികളും ബജറ്റി്ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബജറ്റ് അവതരണത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, അനിതാ കിഷോര്‍, പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍മാരായ സലീം കുരുവമ്പലം, എ.കെ അബ്ദു റഹ്മാന്‍, ടി.കെ റഷീദലി സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വിവിധ പദ്ധതികള്‍ക്കായുള്ള ഫണ്ട് വകയിരുത്തിയതിന്റെ വിവരങ്ങള്‍

sameeksha-malabarinews

• ഉത്പ്പാദന മേഖലക്ക് 15.94 കോടി രൂപ

കൃഷിഫാമുകളുടെ വികസനം, ഉല്‍പ്പാദന വര്‍ധനവ്, നെല്‍കൃഷിക്ക് കൂലി ചെലവ് സബ്സിഡി, ജലസേചന സൗകര്യം വര്‍ധിപ്പിക്കല്‍, ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ് സിഡി, വെറ്റില കര്‍ഷകര്‍ക്ക് പ്രോത്സാഹനം, നാളികേര ഉല്‍പ്പാദന സംഘങ്ങള്‍ക്ക് സഹായം, ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിന്റെ വികസനം, മൃഗ പരിപാലന മേഖലയിലെ കര്‍ഷകര്‍ക്ക് പരിശീലന കേന്ദ്രം, ജില്ലാ മൃഗാശുപത്രി വികസനം, സമൂഹ മത്സ്യ കൃഷി പ്രോത്സാഹനം, അലങ്കാര മത്സ്യ കൃഷി പ്രോത്സാഹനം, കോള്‍ നിലത്തില്‍ അടിസ്ഥാന സൗകര്യ വികസനം, വിവിധ ട്രൈഡുകളില്‍ തൊഴില്‍ പരിശീലനം, സ്വയം തൊഴില്‍ യൂനിറ്റുകള്‍ക്ക് പ്രോത്സാഹനം, സീഡ് വെന്റിങ് മെഷീനുകള്‍ സ്ഥാപിക്കല്‍, എന്നിങ്ങിനെയുള്ള നിരവധി പദ്ധതികളാണ് ഉല്‍പ്പാദന മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

• വിദ്യാഭ്യാസം : 11 കോടി

വിജയഭേരി വിദ്യാഭ്യാസ പദ്ധതി, സയന്‍സ് ലാബുകള്‍ ശക്തിപ്പെടുത്തല്‍, വിദ്യാലയങ്ങളിലേക്ക് ഡസ്‌കും ബെഞ്ചും മറ്റ് ഫര്‍ണ്ണീച്ചറുകളും, വിദ്യാലയങ്ങളുടെ വൈദ്യുതി ബില്‍, മറ്റ് ഭൗതിക സൗകര്യങ്ങളൊരുക്കല്‍, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ടോയ്ലറ്റ് സൗകര്യങ്ങള്‍ സമ്പൂര്‍ണ്ണമാക്കല്‍, പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിശ്രമ സംവിധാനങ്ങള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജില്ലാ പഞ്ചായത്തിന് കൈമാറിയ ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നവീകരണം, സ്വന്തമായ കെട്ടിട നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെടുന്നു.

• ആരോഗ്യ മേഖല: 6.18 കോടി

തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളുടെ വികസനം, രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തല്‍, കൊറോണ, നിപ്പ പോലുള്ള അതീവ ഗുരുതര സാഹചര്യങ്ങളില്‍ പ്രതിരോധ സംവിധാനങ്ങള്‍ മുന്‍ കൂട്ടി സജ്ജമാക്കല്‍, മുതിര്‍ന്ന പൗര•ാര്‍ക്ക് ജറിയാട്രിക് വാര്‍ഡുകള്‍, സാന്ത്വന പരിചരണത്തിന് പാലിയേറ്റീവ് വാര്‍ഡുകള്‍ വിപുലപ്പെടുത്തല്‍, ഡീ അഡീക്ഷന്‍ സെന്ററുകള്‍, ജില്ലയിലൊന്നാകെ പരിരക്ഷാ പാലിയേറ്റീവ് പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, പാലിയേറ്റീവ് സൊസൈറ്റികളെ സഹായിക്കല്‍, വൃക്ക മാറ്റി വച്ച രോഗികള്‍ക്ക് മരുന്ന് , ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, വണ്ടൂര്‍ ചേതനാ ഹോമിയോ കാന്‍സര്‍ ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രോഗികള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കല്‍, ഹോമിയോ ചികിത്സാ രീതിയിലുള്ള പാലിയേറ്റീവ് സാന്ത്വന പരിചരണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കല്‍, എച്ചി.ഐ.വി ബാധിതര്‍ക്ക് പോഷകാഹാരം.

• വനിതാ വികസനം, ശാക്തീകരണം 7.57 കോടി

വനിതാ ശാക്തീകരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് സ്വയം തൊഴില്‍ പരിശീലനവും തൊഴില്‍ യൂനിറ്റുകള്‍ സ്ഥാപിക്കല്‍, സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ ശുചിമുറി, വലിയ ഉത്സവങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങളില്‍ (കാടാമ്പുഴ പോലെ) സ്ത്രീകള്‍ക്ക് പ്രത്യേകം സുരക്ഷിതമായ വിശ്രമ കേന്ദ്രങ്ങള്‍, വിദ്യാലയങ്ങളില്‍ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സൗകര്യങ്ങളോടെയുള്ള സുരക്ഷിതായ വിശ്രമ സംവിധാനങ്ങള്‍, പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷക്കും പ്രതിരോധത്തിനും ആയോധനകലകളില്‍ പരിശീലനം, ആരോഗ്യ സംരക്ഷണത്തിന് ജിംനേഷ്യം എന്നിങ്ങിനെയുള്ള വിവിധ പദ്ധതികള്‍

• ഭൂരഹിത – ഭവന രഹിതരുടെ പുനരധിവാസം : 17.88 കോടി

ഭവന രഹിതര്‍, ഭൂരഹിത ഭവന രഹിതര്‍ എന്നിവര്‍ക്ക് വീടും ഭൂമിയും നല്‍കി പുനരധവസിപ്പിക്കുന്ന ലൈഫ് മിഷന്‍ പദ്ധതിക്ക് ജനറല്‍, എസ്.സി, എസ്.ടി എന്നീ മൂന്ന് വിഭാഗങ്ങളിലായി ജില്ലാ പഞ്ചായത്ത് നല്‍കുന്ന വിഹിതമാണ് ഈ തുക. (സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി എന്നാണ് അവകാശപ്പെടാറുള്ളതെങ്കിലും ജില്ലാ പഞ്ചായത്ത് അടക്കമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഈ പദ്ധതിക്കുള്ള വിഹിതം അനുവദിക്കുന്നത്)

• സാമൂഹ്യ ക്ഷേമ – സുരക്ഷാ പദ്ധതികള്‍ : 3.78 കോടി
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അരക്ക് താഴെ ചലന ശേഷി കുറഞ്ഞ് സ്വന്തമായി നടക്കാന്‍ കഴിയാത്തവര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍, ശാരീരിക – മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള പ്രതീക്ഷാ ഡെകെയര്‍ സെന്ററുകള്‍, ബഡ്സ് സ്‌കൂള്‍ കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, സ്‌കൂളുകളില്‍ ഐ.ഇ.ഡി ക്ലാസ് മുറികളിലേക്ക് ഉപകരണങ്ങള്‍, കാഴ്ച പരിമിതി അനുഭവപ്പെടുന്ന വിദ്യാസമ്പന്നര്‍ക്ക് ബ്രെയ്ല്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി, അന്ധര്‍ക്ക് സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ സഹായിക്കുന്ന മൃഗ – പക്ഷി രൂപങ്ങളെ പ്രതിഷ്ഠിച്ച കാഴ്ച ബംഗ്ലാവ്, ബധിരരും അന്ധരുമായ കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സഹായങ്ങള്‍, പാരാ പ്ലീജിയ രോഗികള്‍ക്ക് (നട്ടെല്ലിനും തലച്ചോറിനും ക്ഷതം സംഭവിച്ച് ശരീരം തളര്‍ന്ന് കിടപ്പിലായവര്‍) പരിചരണവും പരിശീലനവും നല്‍കുവാന്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍, ഭിന്നലിംഗ വിഭാഗത്തില്‍പെട്ട ട്രാന്‍സ്ജന്‍ഡേഴ്സിന് സ്വന്തമായി തൊഴിലെടുക്കാനുള്ള സംരംഭങ്ങള്‍.

• ശുചിത്വം – മാലിന്യ സംസ്‌കരണം : 5.31 കോടി

ആശുപത്രികള്‍, വിദ്യാലയങ്ങള്‍, പൊതുജനങ്ങള്‍ ഒരുമിച്ച് കൂടുന്ന മറ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന ശുചിത്വം പാലിച്ച് കൊണ്ടുള്ള പൊതു സേവന സൗകര്യങ്ങള്‍, വിദ്യാലയങ്ങളില്‍ ജൈവ- അജൈവ മാലിന്യങ്ങള്‍ വേര്‍ തിരിച്ച് ശേഖരിക്കുന്നതിനുള്ള ബിന്നുകള്‍, ആശുപത്രികളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍, ആശുപത്രികളില്‍ ബയോ മെഡിക്കല്‍ വേസ്റ്റ് ഡിസ്പോസല്‍ സംവിധാനം, ഗ്രാമ പഞ്ചായത്തുകളിലെ സമ്പൂര്‍ണ്ണ മാലിന്യ നിര്‍മാര്‍ജന പദ്ധതികളോട് സഹകരിച്ച് സഹായം, ആശുപത്രികളില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, അറവ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സ്വകാര്യ പങ്കതാളിത്തത്തോടെയുള്ള സംരഭങ്ങള്‍.

• പ്രകൃതി ദുരന്ത മുഖത്ത് കൈതാങ്ങ് : 75 ലക്ഷം

പ്രകൃതി ദുരന്ത മുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ആവശ്യമായ ഉപകരണങ്ങളുടെ കുറവ് പരിഹരിക്കുവാനും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മുന്‍ കൂട്ടി സജ്ജീകരണങ്ങള്‍ ഒരുക്കാനും.

• ആതവനാട് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയ്നിങ് സെന്റര്‍

ജില്ലയില്‍ മൃഗപരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും പരിശീലനം നല്‍കുന്നതിന് ആതവനാട്ടെ ജില്ലാ പൗള്‍ട്രി ഫാമില്‍ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയ്നിങ് സെന്റര്‍ സ്ഥാപിക്കും. നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ 18 ലക്ഷം രൂപ നീക്കിവെക്കും.

• വയോജനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ – 80 ലക്ഷം

വയോജനങ്ങള്‍ക്ക് ഒരുമിച്ചിരിക്കുവാനും വിനോദങ്ങള്‍ക്കും, ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ പ്രത്യേക പരിചരണ സൗകര്യങ്ങളൊരുക്കുന്നതിനും പകല്‍ വീട് പോലുള്ള പൊതു സംഗമ വേദികളൊരുക്കുന്നതിനുമാണ് 80 ലക്ഷം അനുവദിച്ചിട്ടുള്ളത്.

• ഗതാഗത സൗകര്യങ്ങളുടെ പുനരുദ്ധരാണം 31 കോടി
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയങ്ങളിലും തകര്‍ന്ന ആറ് മീറ്ററും അതിലധികവും വീതിയുള്ള റോഡുകളുടെ പുനര്‍ നിര്‍മ്മാണം, പുനരുദ്ധാരണം, ഐറിഷ് ഡ്രൈനേജ് നിര്‍മ്മാണം തുടങ്ങിയവക്ക് തുക അുവദിച്ചു

• സീഡ് വെന്റിങ് മെഷീന്‍

ബാങ്കുകളുടെ എ.ടി.എം കൗണ്ടര്‍ പോലെ പച്ചക്കറി വിത്തുകള്‍ പൊതു സ്ഥലങ്ങളില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് ലഭ്യമാവുന്ന പ്രത്യേക മെഷീന്‍ സ്ഥാപിക്കുന്ന കൗണ്ടറുകളാണിത്. 10 രൂപ നിക്ഷേപിച്ച് ആവശ്യമുള്ള പച്ചക്കറിയുടെ ചിത്രം പതിച്ച ബട്ടണില്‍ അമര്‍ത്തിയാല്‍ പ്രസ്തുത പച്ചക്കറിയുടെ ഒരു പാക്കറ്റ് വിത്ത് വെന്റിങ് മെഷീനില്‍ നിന്ന് പുറത്തേക്ക് വരും. ജില്ലാ പഞ്ചായത്ത് ഓഫീസ്, ജില്ലാ കലക്ടറുട ഓഫീസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, മലപ്പുറം ജില്ലാ ആസൂത്രണ സമിതി ഓഫീസ്, മുനിസിപ്പാലിറ്റി ഓഫീസ്, ജില്ലാ ആര്‍.ടി.ഒ ഓഫീസ്, തുടങ്ങി ജനങ്ങള്‍ ധാരാളമായി ഒത്തു കൂടുന്ന സ്ഥലങ്ങളില്‍ മെഷീന്‍ സ്ഥാപിക്കും. 34 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

• പട്ടികജാതി വിഭാഗത്തിന് 20.98 കോടി

പട്ടികജാതി വിഭാഗത്തില്‍ പെട്ട ഭൂ രഹിത, ഭവന രഹിതര്‍ക്ക് വീടിനും ഭൂമിക്കും സഹായം (4.20 കോടി), പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെയും പുരയിടങ്ങളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ഭൂ-ഭവന സുരക്ഷ പദ്ധതികള്‍ (7.53 കോടി), പട്ടികജാതി സങ്കേതങ്ങളിലേക്ക് ശുദ്ധജലമെത്തിക്കല്‍ (2.62 കോടി), കോളനിക്കകത്ത് ഗതാഗത സൗകര്യം ഒരുക്കല്‍ (1.75 കോടി), കോളനികള്‍ക്കകത്ത് സൗരോര്‍ജ വിളക്കുമാടങ്ങള്‍ സ്ഥാപിക്കല്‍ (1.67 കോടി), പഠിക്കുന്ന കുട്ടികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് (30 ലക്ഷം), വിദേശത്ത് പോവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് യാത്ര ചിലവിന് സഹായം (30 ലക്ഷം), കലാട്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി സ്വയം തൊഴില്‍ സംരംഭത്തിന് സഹായം (49 ലക്ഷം)
• പട്ടിക വര്‍ഗ്ഗത്തിന് 1.59 കോടി

ആദിവാസികള്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായം നല്‍കാന്‍ 31 ലക്ഷം രൂപയും (ലൈഫ് പദ്ധതിയിലേക്കുള്ള ജില്ലാ പഞ്ചായത്ത് വിഹിതം) പ്രളയത്തില്‍ പാലം ഒലിച്ച് പോയി ഒറ്റപ്പെട്ട അപ്പന്‍ കാപ്പ് ആദിവാസി ഊരുകളിലേക്ക് പാലം പണിയുന്നതിന് 1.28 കോടി രൂപയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!