പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു

HIGHLIGHTS : Palakkad by-election today, voting begins

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. മോക് പോളിങിനുശേഷം കൃത്യം ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

sameeksha-malabarinews

പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. ഡോ. പി സരിന്‍ (സ്വതന്ത്രന്‍, ചിഹ്നം: സ്റ്റെതസ്‌കോപ്പ്), സി കൃഷ്ണകുമാര്‍ (ബിജെപി, ചിഹ്നം: താമര), രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐഎന്‍സി, ചിഹ്നം: കൈ), എം രാജേഷ് ആലത്തൂര്‍ (സ്വതന്ത്രന്‍, ചിഹ്നം: ഗ്യാസ് സിലിണ്ടര്‍), രാഹുല്‍ ആര്‍ (സ്വതന്ത്രന്‍, ചിഹ്നം: എയര്‍ കണ്ടീഷണര്‍), രാഹുല്‍ മണലാഴി (സ്വതന്ത്രന്‍, ചിഹ്നം: തെങ്ങിന്‍തോട്ടം), എന്‍എസ്‌കെ പുരം ശശികുമാര്‍ (സ്വതന്ത്രന്‍, ചിഹ്നം: കരിമ്പുകര്‍ഷകന്‍), എസ് ശെല്‍വന്‍ (സ്വതന്ത്രന്‍, ചിഹ്നം: ഓട്ടോറിക്ഷ), ബി ഷമീര്‍ (സ്വതന്ത്രന്‍, ചിഹ്നം: ടെലിവിഷന്‍), ഇരുപ്പുശേരി സിദ്ദിഖ് (സ്വതന്ത്രന്‍, ചിഹ്നം: ബാറ്ററി ടോര്‍ച്ച്).

ഇന്നലത്തെ നിശബ്ദ പ്രചാരണവും പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥികളെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!