വരച്ചിട്ടും വരച്ചിട്ടും മതിവരാതെ പത്മിനി……

സ്മിത അത്തോളി

പത്മിനി……ക്യാന്‍വാസില്‍ വരച്ചിട്ട നിറക്കൂട്ടുകളുടെ ജീവിത കഥ പറഞ്ഞ ചിത്രം…. ഓരോ ഫ്രെയ്മിലും മൺമറഞ്ഞ ചിത്രകാരിയുടെ തുടിപ്പ് തൊട്ടറിഞ്ഞാണ് സംവിധായകൻ സുസ്മേഷ് ചന്ദ്രോത്ത്‌
ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചതെന്ന് പറയാതെ വയ്യ… പൊന്നാനി താലൂക്കിലെ എടപ്പാളിലെ കാടഞ്ചേരിയിലെ യാഥാസ്തിക
നായർ തറവാട്ടിൽ നിന്ന് ചിത്രകലയെ സ്നേഹിച്ച് പഠിക്കാനിറങ്ങിയ പത്മിനിയുടെ കഥ പറഞ്ഞുതുടങ്ങുന്നത് അമ്മാവന്‍ ദിവാകര മേനോനിലൂടെയാണ്.  അദ്ദേഹത്തിന്റെ കൺകോണിലെ നീർത്തുള്ളി മരുമകൾ വിട പറഞ്ഞു പോയിട്ട് അരനൂറ്റാണ്ട്
പിന്നിടുമ്പോഴും അടർന്നുവീണ കാഴ്ച്ച പ്രേക്ഷക മനസിലെ സ്നേഹത്തിന്റെ ഊട്ടിയുറപ്പിക്കൽ ഏറ്റുന്ന രംഗമായി…. ചിത്രംവരയെ ജീവനേക്കാൾ ഏറെ സ്നേഹിച്ച പത്മിനി തന്റെ 29ാമത്തെ വയസിലാണ് ലോകത്തോട് വിട പറഞ്ഞത്…

വരച്ചിട്ടും വരച്ചിട്ടും മതിവരാത്ത പത്മിനി എന്ന അപൂർവ്വപ്രതിഭയുടെ ജീവിതം വളരെ മനോഹരമായാണ് ഓരോ ഫ്രെയ്മിലും ഒപ്പിയെടുത്തിരിക്കുന്നത്…. സ്ത്രീയായതുകൊണ്ട് മാത്രം തന്റെ ആഗ്രഹങ്ങളെ ഹോമിക്കാൻ തയ്യാറാകാത്ത പത്മനിയുടെ അന്‍പത് കാലഘട്ടങ്ങളിലെ നിശ്ചയദാർഢ്യതയോടെയുള്ള ചുവടുവെപ്പ് ഏറെ ആനുകാലിക പ്രസക്തമാവുകയാണ് ഈ ചിത്രത്തിൽ.

പത്മിനിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സുസ്‌മേഷ് ചന്ദ്രോത്താണ്. അനുമോളാണ് പത്മിനിയെന്ന ചിത്രകാരിക്ക് ജീവന്‍നല്‍കിയിരിക്കുന്നത്  ടി കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിക്കുവേണ്ടി ടി കെ ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ദിവാകരമേനോനെന്ന അമ്മാവനെ ഇര്‍ഷാദ് മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു,  സഞ്ജു ശിവറാം,അച്യുതാനന്ദന്‍ സംവിധായകന്‍ പ്രിയനന്ദന്‍,ശാരിക ലക്ഷ്മി, ശോഭന, സുമേഷ്,ആയില്യന്‍, ജിജി ജോഗി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ചിത്രത്തിന്റെ ക്യാമറ. ബി. അജിത് കുമാര്‍ ചിത്രസംയോജനവും  കര്‍ണാടക സംഗീതജ്ഞന്‍ ശ്രീവത്സന്‍ ജെ. മേനോന്‍ സംഗീതവും നല്‍കിയിരിക്കുന്നു. ഗാനരചന : മനോജ് കുറൂര്‍, ആലാപണം : അശ്വതി സഞ്ജു,

പത്മിനിയുടെ ആദ്യ പ്രദര്‍ശനം ഇന്ന് എടപ്പാള്‍ ഗോവിന്ദ സിനിമാസില്‍  ബന്ധുക്കളുടെയും നാട്ടുകാരുടെയും, സിനിമാപ്രവര്‍ത്തകരുടെയും നിറഞ്ഞ സാനിധ്യത്തില്‍ നടന്നു. തങ്ങളുടെ പ്രിയചിത്രകാരിയുടെ കഥ വളരെ വൈകാരികമായിക്കൂടിയാണ് കാടഞ്ചേരിക്കാര്‍ കണ്ടിറങ്ങിയത്‌.
.