കേരളം ലോകത്തിന് മാതൃകയാകും;പി സദാശിവം

തിരുവനന്തപുരം: ഓഖിയും പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായപ്പോള്‍ കേരളം കാട്ടിയ ഒരുമ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിലുമുണ്ടാവണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടു വര്‍ഷവും കനത്ത മഴയും പ്രളയവും കേരളത്തെ ദുരിതത്തിലാക്കി. എന്നാല്‍ ഇതിനിടയിലും പ്രതീക്ഷയുടെയും ഒരുമയുടെയും തിളക്കം കാണാനാവുന്നുണ്ട്.
കേരളത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ട്. നവകേരളം യാഥാര്‍ത്ഥ്യമാവുന്നതോടെ കേരള മോഡല്‍ ലോകത്തിനുതന്നെ മാതൃകയാവും. ഗവര്‍ണറും സംസ്ഥാനവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം എല്ലാ സംസ്ഥാനങ്ങളിലും അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ രണ്ടു ഭരണകാലത്തും ഈ അവസ്ഥ നിലനിന്നു. കേരള ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമിഴ്നാട്ടിലെ നേതാവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരുമിച്ചു ചെന്നത് അവിടത്തെ മാധ്യമങ്ങള്‍ക്കെല്ലാം വലിയ അദ്ഭുതമായിരുന്നു. എല്ലാ അഭിപ്രായവ്യത്യാസങ്ങളെയും ഇല്ലാതാക്കുന്ന കേരള മോഡലായാണ് അവര്‍ അതിനെ ഉയര്‍ത്തിക്കാട്ടിയത്. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണമെന്ന ചിന്ത ഇവിടെ എല്ലാ വ്യത്യാസങ്ങള്‍ക്കും മുകളിലാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഗവര്‍ണറുടെ ഇടപെടലുകളെ മനസിലാക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ സര്‍ക്കാരിനെ മാറ്റുന്നതിന് പകരം അത് പരിഹരിക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തേണ്ടതെന്നാണ് താന്‍ വിശ്വസിക്കുന്നത്.
ജോലിയാണ് ആരാധന എന്നതായിരുന്നു എപ്പോഴും ആപ്തവാക്യം. തന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും പോസിറ്റീവായാണ് എടുത്തത്. ചാന്‍സലേഴ്സ് അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചപ്പോള്‍ സര്‍ക്കാര്‍ ആദ്യം അഞ്ച് കോടി രൂപയും തുടര്‍ന്ന് ഒരു കോടി രൂപയും അനുവദിച്ചു. കേരളത്തിലെ സര്‍വകലാശാലകള്‍ ഇന്ന് ഇന്ത്യയില്‍ തന്നെ മുന്‍നിരയിലുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ ഇവിടത്തെ മാതൃക പിന്തുടരാന്‍ തീരുമാനിച്ചതില്‍ സന്തോഷം തോന്നുന്നു. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ എപ്പോഴും തയ്യാറായിട്ടുണ്ട്. മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും മറ്റു മുതിര്‍ന്ന നേതാക്കളുമെല്ലാം സ്നേഹവും സഹകരണം നല്‍കി. കേരളവും മലയാളികളും എന്നും മനസിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles