കോഴിക്കോട്:എല്ലാ മേഖലകളിലും തിളക്കമാര്‍ന്ന സാന്നിധ്യമായി മാറാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു. താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച പ്രതിഭകള്‍ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ മണ്ണില്‍ പെണ്‍കുട്ടികളുടെ മികവുകള്‍ നന്നായി പ്രോത്സാഹിക്കപ്പെടുന്നു എന്നത് അഭിമാനകരമാണ്. മലയോര മേഖലയില്‍ കുറെക്കൂടി പഠന, കായിക മികവുകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ആര്യ .ആര്‍.എസ്, ദേശീയ ഇന്റര്‍ സ്‌കൂള്‍ പെയിന്റിങ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തീര്‍ത്ഥ എസ്, പി എസ് സി സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഒന്നാം റാങ്ക് നേടിയ സ്വാതി വി.സി, ഹോങ്കോങ്ങില്‍ നടന്ന ബേസ് ബോള്‍ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ കപ്പില്‍ പങ്കെടുത്ത സൗജിന്‍സിയ, ഭൂട്ടാനില്‍ നടന്ന സൗത്ത് ഏഷ്യന്‍ സോഫ്റ്റ് ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ഇന്ത്യന്‍ ടീം അംഗമായ ഹര്‍ഷ ബൈജു, മഹാരാഷ്ട്രയില്‍ നടന്ന നാഷണല്‍ സബ് ജൂനിയര്‍ സോഫ്റ്റ് ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ അര്‍ച്ചന.വി.കെ എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് സൗദബീവി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ അരവിന്ദന്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഡി അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അയ്യൂബ് ഖാന്‍ നന്ദിയും പറഞ്ഞു



