പരപ്പനങ്ങാടിയില്‍ നിന്ന് മറ്റുചില അന്‍വ(പര)ര്‍ മാര്‍ ഒരുങ്ങുന്നു പൊന്നാനിയില്‍ മത്സരിക്കാന്‍

ഹംസ കടവത്ത്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ സാമൂഹ്യ പ്രവര്‍ത്തകരായ പി. ഒ. അന്‍വറിനും സി. പി. അന്‍വറിനും മേല്‍ പാര്‍ലിമെന്റിലേക്ക് മത്സരിക്കാന്‍ സമ്മര്‍ദ്ധം. മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി. വി. അന്‍വറായതോടെയാണ് പേരു കൊണ്ടു പോരു നയിച്ചു ശ്രദ്ധേയരാകണമെന്നാവശ്യപ്പെട്ട് ഇവരുടെ സുഹൃത്തുക്കള്‍ ഇവര്‍ക്കു ചുറ്റും കൂടിയത്.
‘ഒരു ചിലവും നിങ്ങളറിയണ്ട എല്ലാം ഞങ്ങളേറ്റെന്ന വാഗ്ദാനവുമായി’ ചങ്കുകള്‍ ചുറ്റും കൂടിയതോടെ ഇരുവര്‍ക്കും സമ്മതം മൂളാതിരിക്കാനായില്ല. അതെ സമയം അപരനാവുക എന്നതിലപ്പുറം ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുക എന്നതിലാണ് തങ്ങള്‍ക്ക് താല്പര്യമെന്ന് പരപ്പനങ്ങാടി യൂനിറ്റ് ട്രോമോ കെയര്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ പി. ഒ. അന്‍വറിന്റെ അഭിപ്രായം.

അതെ സമയം മൂന്നു മുന്നണികളും ചെറിയ പാര്‍ട്ടികളും പാടെ അവഗണിച്ചു മാറ്റി നിറുത്തിയ ഭിന്നശേഷിക്കാരുടെ പ്രതിനിധിയായി മത്സരിക്കാനാണ് തനിക്കു താല്പര്യമെന്ന് സി. പി. അന്‍വര്‍ പറഞ്ഞു.

പി. ഒ. അന്‍വറിന് ജീവകാരുണ്യ പ്രവര്‍ത്തകനെന്ന നിലയിലും മുജാഹിദ് പ്രവര്‍ത്തകനെന്ന നിലയില്‍ പ്രത്യേക പിന്തുണ ലഭിക്കുമെന്ന് കരുതുന്നു.

സി. പി. അന്‍വറിന് എ പി. വിഭാഗം സുന്നികള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുണ്ടെന്ന വാദവും ഉയരുന്നു.
സുഹൃത്തുക്കളുടെ നിര്‍ബന്ധമാണ് സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമെന്ന് പറയുമ്പോഴും ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന്റെ പെട്ടിയില്‍ വീഴുന്ന വോട്ടുതന്നെയാണ് ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.

പരപ്പനങ്ങാടിയിലെ സാമൂഹ്യ പ്രവര്‍ത്തകരായ സി. പി. അന്‍വറും , പി. ഒ .അന്‍വറും.

Related Articles