പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി കൂടിക്കാഴ്ച: മുസ്ലീംലീഗ് പ്രതിരോധത്തില്‍

മലപ്പുറം ; മുസ്ലീംലീഗ് നേതാക്കളും, യുഡിഎഫ് ലോകസഭാ സ്ഥാനാര്‍ത്ഥികളുമായ കുഞ്ഞാലിക്കുട്ടിയും, ഇടിയും ബദ്ധവൈരികളെന്ന് പറയാറുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ നാസറുദ്ധീന്‍ എളമരവും, അബ്ദുല്‍ മജീദ് ഫൈസിയുമായി നടത്തിയ കൂടിക്കാഴ്ച ലീഗിനെ കടുത്ത പ്രതിരോധത്തിലാക്കുന്നു.

പൊന്നാനിയില്‍ പിവി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം മുസ്ലീംലീഗിനെ വലിയതോതില്‍ ആശങ്കപ്പെടുത്തുന്നുവെന്നതിന്റെ തുറന്നുപറച്ചില്‍ കൂടിയാണ് ഈ കൂടിക്കാഴചയിലൂടെ വ്യക്തമാകുന്നത്.
മതതീവ്രവാദരാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്നു എന്ന് എപ്പോഴും പറയാറുള്ള മുസ്ലീംലീഗിന്റെ ഉയര്‍ന്ന നേതാക്കള്‍ തന്നെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു എന്നത് മുസ്ലീംലീഗ് അവകാശപ്പെടാറുള്ള മതേതരമുഖത്തെ തന്നെ തകര്‍ക്കുന്നതാണ്.

ബുധനാഴച് രാത്രിയിലാണ് കൊണ്ടോട്ടി കെടിഡിസിയുടെ താമറിന്റ് ഹോട്ടലില്‍ വെച്ച് ഇരുവിഭാഗവും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.

മലപ്പുറത്തെക്കാളുപരി പൊന്നാനിയിലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന് മുസ്ലീംലീഗ് കരുതുന്നു. ഇടിക്കെതിരെ പ്രാദേശിക എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക ഘടകങ്ങള്‍ മണ്ഡലത്തില്‍ പലയിടത്തും ലീഗുമായി സുഖത്തിലല്ല. മുന്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിവി അന്‍വര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ ലീഗിന്റെ ആശങ്ക ഇരട്ടിച്ചു. ഈ കുറവ് മറികടക്കാനാണ് എസിഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയത് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഈ സിസിടിവി ദ്യശ്യങ്ങള്‍ പുറത്തുവന്നതോടെ കൂടിക്കാഴ്ച വിവാദമായി. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് ് ഇടി മുഹമ്മദ് ബഷീര്‍ പറയുന്നത്. പൊന്നാനിയില്‍ ലീഗ് തങ്ങളുടെ സഹായം തേടിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി സ്ഥിതീകരിച്ചു.

നേരത്തെ ഇടിക്ക് തിരൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന കാലത്തും, പിന്നീട് പൊന്നാനി ലോകസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന സമയത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ (അന്നത്തെ എന്‍ഡിഎഫിന്റെ) സഹായം ലഭിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

പോപ്പുലര്‍ഫ്രണ്ടുമായി നടത്തിയ ഈ കൂടിക്കാഴ്ച എല്‍ഡിഎഫ് പ്രചരണവിഷയമാക്കിക്കഴിഞ്ഞു.

ബിജെപിയുടെ ഹിന്ദു വര്‍ഗ്ഗീയവാദത്തിനെതിരെയുള്ള പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന യുഡിഎഫും, കോണ്‍ഗ്രസ്സും ഈ വിവാദങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടിവരും.

Related Articles