ദിലീപ് കൈമാറിയ 6 ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി തിരുവന്തപുരത്തെ ലാബിലേക്ക് അയക്കാന്‍ ഉത്തരവ്

കൊച്ചി:  ദിലീപിന്റെ അടക്കം നാല് പ്രതികളുടേതായി ആറ് ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി തിരുവനന്തപുരത്തെ സൈബര്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ആറ് ഫോണുകളും തിരുവനന്തപുരത്തെ ലാബില്‍ പരിശോധിക്കും. അണ്‍ലോക്ക് പാറ്റേണ്‍ കോടതിയില്‍ പരിശോധിക്കണം എന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‌റെ അപേക്ഷ. ആവശ്യം പരിഗണിച്ച ആലുവ മജിസ്‌ട്രേറ്റ്, ഫോണുകള്‍ തുറക്കുന്നതിന് അതിന്റെ ലോക്ക് പാറ്റേണ്‍ ഹാജരാക്കാന്‍ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അഭിഭാഷകര്‍ ആറു ഫോണുകളുടെയും പാറ്റേണ്‍ ഉച്ചയ്ക്കുശേഷം കൈമാറിയിരുന്നു. മുദ്രവെച്ച കവറിലുളള ഫോണുകള്‍ പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തില്‍ തുറന്ന് പ്രതിഭാഗം കൈമാറിയ അതിന്റെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം ലാബിലേക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഈ ആവശ്യം തള്ളി.

ഫോണുകള്‍ വിചാരണ കോടതിയില്‍ വച്ച് തുറക്കേണ്ടെന്ന നിലപാടിലാണ് പ്രതിഭാഗം. കോടതിയില്‍വെച്ച് ഫോണ്‍ തുറക്കരുതെന്നും പ്രോസിക്യൂഷന്‍ കൃത്രിമം കാണിക്കുമെന്നുമാണ് ദിലീപിന്റെ അഭിഭാഷകര്‍ ലോക്ക് തുറക്കുന്നതിനെ എതിര്‍ത്ത വാദം ഉന്നയിച്ചത്. പിന്നാലെ തങ്ങള്‍ക്ക് പാറ്റേണ്‍ വേണ്ടെന്നും മജിസ്‌ട്രേറ്റ് പരിശോധിച്ചാല്‍ മതിയെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. പാറ്റേണ്‍ തെറ്റാണെങ്കില്‍ കേസ് നടപടികള്‍ വൈകും. ഇത് മുന്നില്‍ക്കണ്ടാണ് പ്രതികളുടെ നീക്കമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തര്‍ക്കം തുടര്‍ന്നതോടെ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിക്കുന്നത് മജിസ്‌ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഈ ആവശ്യം തള്ളിയ കോടതി ഫോണുകള്‍ നേരേ തിരുവനന്തപുരത്തേക്ക് അയക്കാന്‍ ഉത്തരവിടുകയായിരുന്നു. സാധാരണ നിലയില്‍ ആറു ദിവസത്തിന് ശേഷമാണ് ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുക.

Share news
error: Content is protected !!
Scroll to Top