Section

malabari-logo-mobile

ഒ.എന്‍.വിയും ടി. പത്മനാഭനും സമൂഹത്തെക്കുറിച്ച് കരുതലും ഉത്കണ്ഠയും പങ്കിട്ട സാഹിത്യകാരന്‍മാര്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : സമൂഹത്തെക്കുറിച്ച് കരുതലും ഉത്കണ്ഠയും ഒരുപോലെ പങ്കിട്ട സാഹിത്യകാരന്‍മാരാണ് ഒ.എന്‍.വി കുറുപ്പും ടി. പത്മനാഭനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ...

സമൂഹത്തെക്കുറിച്ച് കരുതലും ഉത്കണ്ഠയും ഒരുപോലെ പങ്കിട്ട സാഹിത്യകാരന്‍മാരാണ് ഒ.എന്‍.വി കുറുപ്പും ടി. പത്മനാഭനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സര്‍വകലാശാലയുടെ 2019ലെ ഒ.എന്‍.വി പുരസ്‌കാരം കഥാകൃത്ത് ടി. പത്മനാഭന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിനുമുന്നില്‍ കണ്ണടച്ചിരുന്ന് സാഹിത്യരചന നടത്തിയവരല്ല ഒ.എന്‍.വിയും ടി. പത്മനാഭനും. സമൂഹത്തിന്റെ ജ്വലിക്കുന്ന സത്യങ്ങളെ അവര്‍ പ്രതിഫലിപ്പിച്ചു. കാലത്തിനുമുന്നില്‍ പുറംതിരിഞ്ഞു നില്‍ക്കാന്‍ സാഹിത്യകാരന് അവകാശമില്ല. ഒ.എന്‍.വി മറ്റുള്ളവരെക്കുറിച്ചുള്ള കരുതല്‍ മനസില്‍ സൂക്ഷിച്ചു. സര്‍ഗാത്മകതയുടേയും നിര്‍ഭയത്വത്തിന്റേയും സംയുക്തരൂപമാണ് ടി. പത്മനാഭനെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലുഷിതമായ ഇക്കാലത്ത് ജാതിയും മതവും അടിസ്ഥാനമാക്കി വേര്‍തിരിവ് പടരുകയാണ്. കെട്ടകാലമാണെങ്കില്‍ കെട്ടകാലത്തെക്കുറിച്ചുള്ള കഥകളും കവിതകളും ഇന്ത്യയില്‍ ഉയരേണ്ടതുണ്ട്. ഉത്കണ്ഠാകുലമായ കാലത്ത് സാഹിത്യകാരന്‍മാര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. പണ്ട് വിഭജനകാലത്തെ തീജ്വാലകള്‍ ചരിത്രം മാത്രമല്ല, സാഹിത്യവും പറഞ്ഞുതന്നിട്ടുണ്ട്. ഭീഷ്മ സാഹ്നിയുടെ തമസ് പോലുള്ള കൃതികള്‍ അന്നത്തെ നീറുന്ന അനുഭവങ്ങള്‍ പറഞ്ഞു.
ഒരേ കാവ്യസങ്കല്‍പം പങ്കിടുന്നവരാണ് ഒ.എന്‍.വിയും ടി. പത്മനാഭനും. കവിത പൂക്കുന്ന കഥകളാണ് ടി. പത്മനാഭന്റേതെന്നും മുത്തുപോലുള്ള ചെറുകഥകള്‍ കൊണ്ട് മനസും സാഹിത്യലോകവും അദ്ദേഹം കീഴടക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാല ക്യാമ്പസിലെ ഒ.എന്‍.വി സ്മൃതി മന്ദിരത്തില്‍ ഒ.എന്‍.വിയുടെ അര്‍ധകായ പ്രതിമയുടെ അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഒ.എന്‍.വിയോട് എന്നും കടപ്പാട് മനസില്‍ സൂക്ഷിക്കുന്ന ആളാണ് താനെന്ന് പുരസ്‌കാരം സ്വീകരിച്ച ടി. പത്മനാഭന്‍ പറഞ്ഞു. പണ്ട് തലസ്ഥാനത്ത് ഒരുമാസം ആശുപത്രിയിലായിരുന്നപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വന്നുകണ്ട് അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. കണ്ണൂരില്‍ രോഗബാധിതനായ കാലത്ത് മുഖ്യമന്ത്രിയും ഇത്തരത്തില്‍ ആശ്വസിപ്പിച്ചിരുന്നു. തന്റെ കഥാസമാഹരമായ ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’ ആദ്യമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കേരള സര്‍വകലാശാലയോടും എന്നും കടപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ: വി.പി മഹാദേവന്‍ പിള്ള അധ്യക്ഷത വഹിച്ചു.
ഒ.എന്‍.വിയെക്കുറിച്ച് ഡോ. സിദ്ദീഖ് എം.എ എഡിറ്റുചെയ്ത് സര്‍വകലാശാല മലയാള വിഭാഗം പ്രസിദ്ധീകരിച്ച ‘പക്ഷിയുടെ ആത്മാവുള്ള കവി’ എന്ന പുസ്തകം ഒ.എന്‍.വിയുടെ സഹധര്‍മ്മിണി സരോജിനി ടീച്ചര്‍ പ്രകാശനം ചെയ്തു. പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ: പി.പി. അജയകുമാര്‍ പുസ്തകം സ്വീകരിച്ചു. പ്രതിരോധത്തിന്റെ കാലം എന്ന വിഷയത്തില്‍ ഒ.എന്‍.വി സ്മാരക പ്രഭാഷണം ഡോ: രാജാ ഹരിപ്രസാദ് നിര്‍വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എസ്. നസീബ് പ്രശസ്തിപത്ര അവതരണം നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ: കെ.എച്ച്. ബാബുജാന്‍, ബി.പി. മുരളി, അഡ്വ. ബി. ബാലചന്ദ്രന്‍, അഡ്വ. എ. അജികുമാര്‍, അഡ്വ. ജി. മുരളീധരന്‍, പ്രൊഫ: കെ.ജി. ഗോപ് ചന്ദ്രന്‍, ജി. ബിജുകുമാര്‍, രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. സി.ആര്‍. പ്രസാദ്, ഡിപ്പാര്‍ട്ട്‌മെന്റ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി.പി. ശ്രുതി, ഗവേഷക യൂണിയന്‍ ചെയര്‍മാന്‍ കെ.സ്റ്റാലിന്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!