കണ്ണൂര്‍ :ചെറുപുഴയില്‍ അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു. കാനംവയല്‍ സ്വദേശി സെബാസ്റ്റ്യന്‍ എന്ന ബേബി(62)യാണ് മരിച്ചത്. വെടിവെച്ച പ്രതി ടോമിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് കര്‍ണാടക വനത്തോട് ചേര്‍ന്നുള്ള ചെറുപുഴ കാനംവയലില്‍ സംഭവമുണ്ടായത്.
മദ്യപിച്ച് വഴക്കുണ്ടാക്കിയ അയല്‍വാസി ടോമിയെ സെബാസ്റ്റിയന്‍ ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വീടിന് അകത്തേക്ക് പോയി തോക്കുമായി വന്ന ടോമി സെബാസ്റ്റിയനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നെഞ്ചിന് വെടിയേറ്റ സെബാസ്റ്റിയനെ ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തെ തുടര്‍ന്ന് കര്‍ണാടക വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ട ടോമിയെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.




