ഇന്‍സ്റ്റഗ്രാലൂടെ സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണം തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍

തിരൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളുടെ സ്വര്‍ണാഭരണം തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പിടിയില്‍. ഇന്‍സ്റ്റഗ്രാമില്‍ കെണിയൊരുക്കിയാണ് പൊലിസ് പ്രതിയെ പിടികൂടിയത്. തിരൂര്‍ ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മലി (21)നെയാണ് കല്‍പ്പകഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തത്.

കല്‍പ്പകഞ്ചേരി സ്വദേശികളായ വിദ്യാര്‍ഥിനികളുടെ ഒന്നര പവനോളം വരുന്ന ആഭരണമാണ് സംഘം തട്ടിയെടുത്തത്. നിഫിന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിദ്യാര്‍ഥിനികളുമായി സൗഹൃദമുണ്ടാക്കിയത്. പഴയ സ്വര്‍ണം നല്‍കിയാല്‍ അതേ തുക്കത്തില്‍ പുതിയത് നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നിഫിന്റെ സുഹൃത്തായ അജ്മല്‍ മുഖേന സ്വര്‍ണം കൈമാറി. ശേഷം നിഫിനുമായുള്ള ഇന്‍സ്റ്റഗ്രാം ബന്ധം നിലച്ചു. ഇതോടെ കല്‍പ്പകഞ്ചേരി പൊലീസില്‍ പരാതി നല്‍കി.

സംഘത്തിന്റെ ഫോണ്‍ നമ്പറോ മറ്റു വിവരങ്ങളോ ഇല്ലാത്തതിനാല്‍
പൊലീസ് ഇന്‍സ്റ്റഗ്രാമില്‍ സ്ത്രീയുടെ പേരില്‍ ഐഡിയുണ്ടാക്കി നിഫിനുമായി ബന്ധമുണ്ടാക്കി. ഇതോടെ സമാനമായ തട്ടിപ്പ് നിഫിന്‍ ഒരുക്കുകയും സ്വര്‍ണം വാങ്ങാനായി എത്തിയ അജ്മലിനെ പിടികൂടുകയുമായിരുന്നു. ചമ്രവട്ടം നരിപറമ്പില്‍ വച്ച് നിഫിന് സ്വര്‍ണം കൈമാറിയതായി അജ്മല്‍ മൊഴി നല്‍കി.

പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. കല്‍പ്പകഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുശാന്ത്, എസ്‌ഐ ഉദയരാജ്, സിപിഒമാരായ പ്രിയ, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top