വേഷപ്രച്ഛന്നയായിയെത്തി യുവതി ശബരിമല ദര്‍ശനം നടത്തിയതായി സൂചന

പത്തനംതിട്ട: വേഷപ്രച്ഛന്നയായി എത്തിയ യുവതി ശബരിമലദര്‍ശനം നടത്തി മടങ്ങിയതായി സൂചന. ജനുവരി എട്ടിന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരെത്തിയത്. ഇവര്‍ നേരത്തെ ശബരിമല ദര്‍ശനം നടത്താനെത്തി തിരിച്ചയക്കപ്പെട്ടവരില്‍ ഒരാളാണെന്നാണ് സ്ഥിതീകരിക്കാത്ത വിവരം. ഈ യുവതി കേരളത്തിലെ ഒരു ദളിത് സംഘടനപ്രവര്‍ത്തക കൂടിയായ കൊല്ലം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം

യുവതിയായ ഇവര്‍ വേഷം മാറി 50 വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിപ്പിച്ചാണ് മലകയറി ശബരിമല ദര്‍ശനം സാധ്യമാക്കിയതെന്ന് ഇവരുടെ സംഘത്തിലുള്ളവര്‍ പറയുന്നു. തിങ്കളാഴച രാത്രിയിലാണ് സ്വകാര്യവാഹനത്തില്‍ ഈ സംഘം ശബരിമലയിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ദര്‍ശനം കഴിഞ്ഞ് ഇവര്‍ തിരച്ചിറങ്ങി സുരക്ഷിത കേന്ദ്രത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്.
ഇവര്‍ വരുംദിവസങ്ങളില്‍ മാധ്യമങ്ങളെ കാണുമെന്നും സുചനയുണ്ട്.

‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗമാണിവര്‍. ഈ ഗ്രൂപ്പിലുള്‍പ്പെട്ടവരാണ് കോടതിവിധിക്ക് ശേഷം ആദ്യം മലകയറിയ ബിന്ദുവും, കനകദുര്‍ഗ്ഗയും. ജനുവരി ഇരുപതിന് സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാതിരിക്കുന്നതിന്റെ വിജയദിനം ആഘോഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ യുവതികളെ മലയില്‍ എത്തിക്കാന്‍ ഈ ഗ്രുപ്പ് സജീവമായി ഇടപെടുന്നത് എന്നാണ് കരുതുന്നത്.

Related Articles