ഒരാള്‍ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു; രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : One more person confirmed to have Mpox

careertech

തിരുവനന്തപുരം: എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയ്ക്ക് കൂടി എംപോക്സ് സ്ഥീരീകരിച്ചു. ഇരുവരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

എംപോക്സ് വളരെ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പര്‍ക്കമുണ്ടായാല്‍ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എംപോക്സ് രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഐസൊലേഷനില്‍ തുടരേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്. എയര്‍പോര്‍ട്ടുകളിലുള്‍പ്പെടെ അവബോധം ശക്തിപ്പെടുത്തിയിട്ടുണ്ട്. കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.

sameeksha-malabarinews

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്സ് ഉണ്ടാകുക.

മുണ്ടിനീരിനുള്ള പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് വീണ്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുണ്ടിനീര് ബാധിച്ച കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. സ്റ്റേറ്റ് അഡൈ്വസറി യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!