താനൂര്‍: കഴിഞ്ഞദിവസം രാത്രിയില്‍ താനാളൂരിലും പരിസരങ്ങളിലുമുള്ള പള്ളികളിലും ക്ഷേത്രത്തിലും ആക്രമണവും മോഷണവും നടത്തിയ ആള്‍ പിടിയിലായി. ചെറിയമുണ്ടം തലക്കടത്തൂര്‍ സ്വദേശി കരുമരക്കാട്ടില്‍ അഹമ്മദ് കുട്ടി(49)ആണ് അറസ്റ്റിലായത്.
ഏപ്രില്‍ ഒന്നാം തിയ്യതി അരീക്കാട് ജുമാമസ്ജിദിലെയും കുനിയില്‍ പാറപ്പുറം തഖ് വ പള്ളിയില്‍ നിന്നും മൈക്കുകള്‍ മോഷ്ടിക്കുകയും തലക്കടത്തൂര്‍ വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ ദീപസ്തംഭങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരവെ രണ്ടാം തിയ്യതി അര്‍ദ്ധരാത്രി അരിക്കാട് ജുമാമസ്ജിദിന് അകത്തുള്ള മിഹറാമ്പും മിമ്പറും തീ വെച്ച് നശിപ്പിക്കപ്പെട്ടു. രണ്ടാമത്തെ സംഭവമുണ്ടായതോടെ നാട്ടുകാരുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും തലപ്പറമ്പ് അങ്ങാടിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും ചെമ്പ്ര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും പണവും മോഷ്ടിച്ചത് താനാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.




