Section

malabari-logo-mobile

ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍: വാട്ടര്‍ എ.ടി.എം പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

HIGHLIGHTS : One liter for one rupee: Vallikunnu village panchayat with water ATM scheme

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം ലഭിക്കുന്ന വാട്ടര്‍ എ.ടി.എം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നാടിനുസമര്‍പ്പിച്ചു. അത്താണിക്കലിലാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം തങ്ക പ്രഭ ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം ശശികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ശ്രീനാഥ്, പി.എം രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും 24 മണിക്കൂറും കുടിവെള്ളം ലഭിക്കുന്ന രീതിയിലാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചിട്ടുള്ളത്. അത്താണിക്കലിലെ പൊതുകിണറിലെ വെള്ളമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ.ഇ) കീഴില്‍ തൃശൂര്‍ ആസ്ഥാനമായ വാട്ടര്‍ വേള്‍ഡ് എന്ന സ്വകാര്യ ഏജന്‍സിയാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്.

sameeksha-malabarinews

പൊതു കിണറ്റില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റര്‍ ടാങ്കില്‍ സംഭരിച്ചാണ് വാട്ടര്‍ എ.ടി.എം വഴി നല്‍കുന്നത്. വാട്ടര്‍ എ.ടി. എമ്മിന് രണ്ട് ടാപ്പുകളുണ്ടാകും. ഒന്നില്‍ ഒരു രൂപയിട്ടാല്‍ ഒരു ലിറ്റര്‍ തണുത്ത വെള്ളവും മറ്റൊന്നില്‍ അഞ്ചുരൂപയിട്ടാല്‍ അഞ്ചുലിറ്റര്‍ സാധാരണ വെള്ളവും ലഭിക്കും. ഇതുവഴി ശുദ്ധജലം ഉറപ്പുവരുത്താനും പ്ലാസ്റ്റിക്ക് കുപ്പിയുടെ ഉപയോഗം കുറയ്ക്കുവാനുമാകും. പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത മാസത്തോടെ അരിയല്ലൂര്‍ ജങ്ഷനിലും തുടങ്ങും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!