HIGHLIGHTS : The suspension of IGP Vijayan has been revoked and the departmental inquiry will continue
തിരുവനന്തപുരം: ഐജിപി വിജയന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും പി വിജയനെതിരായ വകുപ്പുതല അന്വേഷണം തുടരും.
നേരത്തെ എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ആരോപിച്ചായിരുന്നു പി വിജയനെ സസ്പെന്‍ഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയനോട് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു നടപടി. മെയ് 18ന് സസ്പെന്‍ഷനിലായ വിജയന്‍ അഞ്ചുമാസമായി ചുമതലകളില്‍ നിന്നും മാറ്റനിര്‍ത്തപ്പെട്ടിരിക്കുകയാണ്. സസ്പെന്‍ഷന് അടിസ്ഥാനമായ കാരണങ്ങള്‍ കളവാണെന്ന് ചൂണ്ടിക്കാണിച്ച് വിജയന്‍ നേരത്തെ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു.

ഐജി പി വിജയന്റെ സസ്പെന്‍ഷന്‍ അവലോകനം ചെയ്യാന്‍ ചുമതലപ്പെടുത്തിയ നാലംഗ സമിതി നേരത്തെ വിജയനെ തിരിച്ചെടുക്കാനും വകുപ്പ്തല നടപടി തുടരാനും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അനുകൂല നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആ ഘട്ടത്തില്‍ തയ്യാറായിരുന്നില്ല. ചീഫ് സെക്രട്ടറി ഡോ. വി വേണു, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരന്‍, ബിശ്വനാഥ് സിന്‍ഹ, കെ ആര്‍ ജ്യോതിലാല്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. ചീഫ് സെക്രട്ടറി ചെയര്‍മാനായ നാലംഗ കമ്മിറ്റിയില്‍ സംസ്ഥാന പൊലീസ് മേധാവിയെ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്താല്‍ മൂന്നു മാസം തികയുമ്പോള്‍ അവലോകനം നടത്തണമെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു