HIGHLIGHTS : One dead in Nileswaram fireworks accident; The young man died while undergoing treatment
കാസര്‍കോട്: നീലേശ്വരത്ത് ക്ഷേത്ര വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച്, ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100-ല്‍ അധികം പേര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച്ച രാത്രി 11.55-നായിരുന്നു സംഭവം നടന്നത്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ക്ക് നേരെ വധശ്രമത്തിനും സ്ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉള്‍പ്പെടെ ചുമത്തിയിരുന്നു. അനുമതിയും ലൈസന്‍സും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയും അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നൂറില്‍ പരം ആളുകള്‍ക്ക് പരിക്കേറ്റതുള്‍പ്പെടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായതായും എഫ്ഐആറില്‍ പറയുന്നുണ്ട്. ഡെപ്യൂട്ടി സുപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു