ശമ്പളത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യം

 ഒമാനില്‍ വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. അടുത്ത വര്‍ഷം തന്നെ ഒമാന്‍ വ്യക്തിഗത ആദായനികുതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ജി സി സിയില്‍ ആദ്യമായി വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്തുന്ന രാജ്യമായി ഒമാന്‍ മാറും. ഒമാന്റെ ചുവടുപിടിച്ച് മറ്റ് ജി സി സി രാജ്യങ്ങളും വ്യക്തിഗത ആദായ നികുതിയിലേക്ക് കടക്കുന്നതായാണ് വിവരം.

ഒമാന്റെ ശൂറ കൗണ്‍സില്‍ കരട് നിയമം സ്റ്റേറ്റ് കൗണ്‍സിലിലേക്ക് അവതരിപ്പിച്ചതിന് പിന്നാലെയാണ് ആദായ നികുതി ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ബില്ലിന്റെ നിയമനിര്‍മ്മാണ അംഗീകാരങ്ങള്‍ അവസാനിക്കാറായതിനാല്‍ ഇത് 2025-ല്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. 2020 ലാണ് കരട് ബില്‍ തയ്യാറാക്കിയത്. അതേസമയം ഒമാനിലെ മിക്ക പ്രവാസികളെയും പൗരന്മാരെയും ഈ പുതിയ നികുതി വ്യവസ്ഥ ബാധിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉയര്‍ന്ന വരുമാനക്കാരായിരിക്കും നികുതി നല്‍കേണ്ടി വരിക. 100000 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള ഒമാനിലെ വിദേശികള്‍ അഞ്ച് ശതമാനം മുതല്‍ ഒമ്പത് ശതമാനം വരെ വ്യക്തിഗത നികുതി നല്‍കേണ്ടി വന്നേക്കും. ഒമാനി പൗരന്മാര്‍ക്ക് ഒരു ദശലക്ഷം ഡോളറിന് മുകളിലുള്ള അറ്റ ആഗോള വരുമാനത്തിന് മുകളിലായിരിക്കും പരിധി. ഇവര്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും.

ഒമാനില്‍ 2.2 ദശലക്ഷം പ്രവാസികളുണ്ട്. രാജ്യത്തിന്റെ മൊത്തം 5.2 ദശലക്ഷം ജനസംഖ്യയുടെ 42.3 ശതമാനമാണിത്. ഈ 2.2 ദശലക്ഷത്തില്‍ ഭൂരിപക്ഷത്തിനും (1.4 ദശലക്ഷം) പൊതു ഡിപ്ലോമയേക്കാള്‍ കുറഞ്ഞ വിദ്യാഭ്യാസ നിലവാരമാണ് ഉള്ളത്. ഇത് വരുമാനത്തിന്റെ വ്യക്തമായ സൂചകമല്ലെങ്കിലും 214503 പ്രവാസി തൊഴിലാളികള്‍ക്ക് മാത്രമേ ബിരുദമോ ഉയര്‍ന്ന ഡിപ്ലോമയോ ഉള്ളൂ. അതിനാല്‍ ആദായ നികുതി ബാധിക്കുന്ന ഒരു ലക്ഷം ഡോളറിലധികം ശമ്പളമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം ഇതിനേക്കാള്‍ കുറവായിരിക്കും. ഒരു മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാന പരിധി കൈവരിക്കുന്ന ഒമാനി പൗരന്മാരുടെ എണ്ണവും സമാനമായി ചെറുതായിരിക്കും എന്നാണ് വിലയിരുത്തല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top