
വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ അവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കും ഉപകരിക്കണം എന്ന ചിന്തയാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും സര്‍ക്കാര്‍ അവയില്‍നിന്നും പിന്നോട്ടുപോകില്ല എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ട്രൈബല്‍ പ്ലസില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആറ്റിങ്ങല്‍ എസ് എസ് പൂജ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു അദ്ധ്യക്ഷത വഹിച്ചു.
മാറുന്ന ലോകത്തിനൊപ്പം മുന്നേറാന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്ക വിഭാഗങ്ങളെ പ്രാപ്തരാക്കുന്ന ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ചു വരുമ്പോള്‍ കേരളത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരെ പൊതുസമൂഹത്തോടൊപ്പം ചേര്‍ത്തുനിര്‍ത്തുന്നതിനും നിരന്തരം പരിശ്രമങ്ങള്‍ നടത്തുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് താങ്ങുംതണലുമായി മാറാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
10 ബി.എ- ക്കാരെ സ്വന്തം സമുദായത്തില്‍ നിന്ന് കണ്ടിട്ട് മരിക്കണമെന്നാണ് അയ്യന്‍കാളി ആഗ്രഹിച്ചത്. ആ കേരളത്തില്‍ നിന്നും കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ പട്ടികവിഭാഗങ്ങളില്‍പ്പെട്ട 800 ഓളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനത്തിനായി വിദേശത്തേക്കു പോയി. പ്രതിവര്‍ഷം 72 പട്ടികവിഭാഗം കുട്ടികള്‍ക്ക് എം ബി ബി എസ് പ്രവേശനം ഉറപ്പാക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് വാര്‍ഷിക പദ്ധതിയുടെ 9.81 ശതമാനം തുകയും, 1.45 ശതമാനം വരുന്ന പട്ടികവര്‍ഗ്ഗ ജനവിഭാഗത്തിന് വാര്‍ഷിക പദ്ധതിയുടെ 2.83 ശതമാനം തുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. എന്നാല്‍, രാജ്യത്താകെ 16.6 ശതമാനമുള്ള പട്ടികജാതി വിഭാഗങ്ങള്‍ക്ക് കേവലം 3.53 ശതമാനവും 8.6 ശതമാനമുള്ള പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കേവലം 2.65 ശതമാനവുമാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ വലിയ വെട്ടിക്കുറവ് വരുത്തി. മുന്‍വര്‍ഷം 1,078 കോടി രൂപയായിരുന്ന പട്ടികജാതി വിഭാഗത്തിനുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഇത്തവണ 921 കോടി രൂപയാക്കി കുറച്ചു. 90 കോടിയായിരുന്ന പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് 50 കോടി രൂപയാക്കി കുറച്ചു. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിലും ഗണ്യമായ കുറവുവരുത്തിയിട്ടുണ്ട്.
പട്ടികവര്‍ഗക്കാരുടെ അടിസ്ഥാന രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള കേരളത്തിന്റെ ‘എ ബി സി ഡി’ പദ്ധതി രാജ്യത്തിനുതന്നെ മാതൃകയാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉറപ്പുനല്‍കുന്ന 100 തൊഴില്‍ ദിനങ്ങള്‍ക്ക് പുറമെ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ അധികമായി നല്‍കുന്ന ട്രൈബല്‍ പ്ലസ് പദ്ധതിയും മാതൃകാപരമാണ്. വാസസ്ഥലത്തിന്റെ പ്രത്യേകതകളാല്‍ പൊതുസമൂഹത്തില്‍ നിന്നും അകന്നു കഴിയുന്ന വിദൂര പിന്നാക്ക മേഖലകളിലെ ജനവിഭാഗങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി നവ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റലി കണക്റ്റഡ് ട്രൈബല്‍ ഏരിയാസ് പദ്ധതിക്ക് യു എന്നിന്റെ അന്തര്‍ദ്ദേശീയ പുരസ്‌കാരം ലഭിച്ചു.
എല്ലാ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും ഭൂമിയുളള രാജ്യത്തെ ആദ്യ ജില്ലയായി തിരുവനന്തപുരം മാറി. ഭൂരഹിത, ഭവനരഹിത പദ്ധതിപ്രകാരം ഈ സാമ്പത്തികവര്‍ഷം 647 പട്ടികജാതി കുടുംബങ്ങളിലെ ഭൂരഹിതര്‍ക്കും, ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള വികസന പരിപാടികളിലുള്‍പ്പെടുത്തി മറ്റ് 221 പേര്‍ക്കും ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം നല്‍കി. 204 പേര്‍ക്ക് ഭവനപുനരുദ്ധാരണത്തിനുള്ള സഹായവും 14 പേര്‍ക്ക് ഭൂമിയും അനുവദിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലൈഫ് മിഷന്‍ വഴി പട്ടികജാതി വിഭാഗക്കാരുടെ 50,830 വീടുകളുടെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ 19,739 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് ലൈഫ് മിഷനിലൂടെ മാത്രം പട്ടികജാതി വിഭാഗക്കാരുടെ 1,12,383 ഭവനങ്ങളുടെയും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ 42,591 ഭവനങ്ങളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസികള്‍ക്ക് 100 ദിവസം കൂടി അധിക തൊഴില്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിച്ച അഗളി ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ പുതൂര്‍, ആറളം ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം 3, 2 ലക്ഷം രൂപയും മഹാത്മ ഗോത്ര സമൃദ്ധി പുരസ്‌കാരവും ലഭിച്ചു.
പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 മുതല്‍ 16 വരെയാണ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടി സംഘടിപ്പിക്കുന്നത്. ‘മാറുന്ന ലോകത്തിനൊപ്പം മുന്നേറാം നമുക്കൊന്നായി’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഒക്ടോബര്‍ 15 ന് വയനാട് മാനന്തവാടിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഒ. ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



