‘നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് വീട് വാഗ്ദാനം’; അജ്മേര്‍ ദര്‍ഗ പുരോഹിതന്‍ അറസ്റ്റില്‍

ജയ്പുര്‍: പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നവര്‍ക്ക് സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച അജ്‌മേര്‍ ദര്‍ഗ പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. അജ്‌മേര്‍ ദര്‍ഗ പുരോഹിതന്‍ സല്‍മാന്‍ ചിസ്തിയെ രാജസ്ഥാന്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. സല്‍മാന്‍ ചിസ്തിയെ പുലര്‍ച്ചെ ഒരു മണിയോടെയാണ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കായി ഇന്നലെ തിരച്ചില്‍ നോട്ടീസിറക്കിയിരുന്നു.

വീഡിയോ ക്ലിപ്പിലാണ് നൂപുറിനെ വധിക്കാന്‍ ചിസ്തി ആഹ്വാനം ചെയ്യുന്നത്. പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്ക്കു വെടിവെക്കേണ്ടതാണെന്ന് ചിസ്തി പറയുന്നുണ്ട്. ഹുസൂര്‍ ഖ്വാജ ബാബയുടെ ദര്‍ബാറില്‍നിന്നാണ് തന്റെ സന്ദേശമെന്നും അദ്ദേഹം പറയുന്നുണ്ട്.

മുസ്ലിങ്ങള്‍ക്കൊപ്പം ഒട്ടേറെ ഹിന്ദുക്കളും സന്ദര്‍ശിക്കുന്ന ആരാധനാലയമാണിത്. ചിസ്തിയുടെ വീഡിയോയെ ദര്‍ഗ ദിവാന്‍ സൈനുല്‍ ആബിദിന്‍ അലിഖാന്‍ അപലപിച്ചിരുന്നു. വിഡിയോയിലെ സന്ദേശം ദര്‍ഗയുടേതല്ല. ചിസ്തിയുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും ദര്‍ഗ അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top