ശൂന്യതയിലാഴുന്ന ബാല്യസ്മരണകള്‍

HIGHLIGHTS : സറീന ഷമീര്‍ എം ടി ബാല്യകാലം, ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുഖമുള്ള, നനുത്ത ഓര്‍മ്മശേഷിപ്പ്. ജീവിതാന്ത്യത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ക...

zariസറീന ഷമീര്‍ എം ടി
381757_2616804973800_1766512105_n
 
 
ബാല്യകാലം, ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുഖമുള്ള, നനുത്ത ഓര്‍മ്മശേഷിപ്പ്. ജീവിതാന്ത്യത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ക്കാന്‍ സന്തോഷപ്രദമായ ഒരു അനുഭവമെങ്കിലും ഇല്ലാത്തവര്‍ വിരളമായിരിക്കും. തുമ്പയും തെച്ചിയും പൂത്തു നിറഞ്ഞ തൊടിയിലൂടെ ഓടികളിച്ചതും, നിറഞ്ഞൊഴുകുന്ന പുഴയില്‍ നീന്തി തുടിച്ചതും, ഞാവല്‍ മരക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ഉയരെ ആടിയതും, ഞാവല്‍ പഴം തിന്ന് നിറം മാറിയ നാക്ക് നീട്ടി കൂട്ടുകാരെ പേടിപ്പിച്ചതും ഇന്നലെയെന്നപോലെ എനിക്ക് ഓര്‍മ്മ വരുന്നു. ഓര്‍ക്കുമ്പോള്‍ എങ്ങ് നിന്നോ വന്ന കുളിര്‍കാറ്റ് എന്നെ തലോടുന്നു. നഷ്ടബോധത്തിന്റെ ഒരു ശോകഗാനം വിദൂരതയില്‍ മുഴങ്ങി കേള്‍ക്കുന്നു.

544320_10200573480153884_1186112951_nഞങ്ങളുടെ ബാല്യം, പ്രയാസങ്ങളില്ലാതെ,ആകുലകളില്ലാതെ ഓരോ ദിനവും നവ്യാനുഭവമായി കടന്നുപോയി. ഒരു ചാറ്റല്‍മഴ പെയ്താല്‍ പോലും പരല്‍മീനുകള്‍ നീന്തിപായുന്ന നീര്‍ച്ചാലുകളാകുന്ന നാട്ടുവഴിയിലൂടെ കുടയും പിടിച്ച് കൂട്ടുകാരോടൊത്ത് വെള്ളം തട്ടി തെറിപ്പിച്ച് നടന്ന് പോയത് കണ്ണില്‍ നിന്ന് മാഞ്ഞ് പോകുന്നില്ല. സ്‌കൂള്‍ വിട്ട് വന്നാല്‍ പുസ്തകക്കെട്ട് അലക്ഷ്യമായി എങ്ങോ വലിച്ചെറിഞ്ഞ് ഞങ്ങള്‍ കളിക്കാനിറങ്ങും. ഉള്ളവന്റെയും, ഇല്ലാത്തവന്റെയും കുരുന്നുകള്‍ ഒന്നിച്ച് ഇടപഴകുമ്പോള്‍ വല്ലാത്തൊരു സമത്വബോധം അനുഭവിച്ചിരുന്നു. ഐശ്വര്യ പ്രതീകമായ നിലവിളക്കിന്‍ നാളവും അസ്തമയ ശോഭയും ഒന്നിച്ച് ജ്വലിക്കുമ്പോള്‍ മനസ്സിലാ മനസ്സോടെ ഞങ്ങള്‍ വേര്‍പിരിയും. ഉമ്മറവാതുക്കല്‍ സ്‌നേഹത്തിന്റെ സാരിത്തലപ്പുമായി നില്‍ക്കുന്ന അമ്മ നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ അമര്‍ത്തി തുടച്ചു തരും. ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരമൊരും സന്ദര്‍ഭം ഊഹിക്കാനേ തരമുള്ളൂ. ദിവസത്തിന്റെ മൂന്നിലൊരു ഭാഗം ഇടുങ്ങിയ ക്ലാസ് മുറികളില്‍ ചിലവഴിക്കുന്ന അവര്‍ക്ക് വൈകുന്നേരങ്ങള്‍ ട്യൂഷന്‍മുറികളില്‍ ചിലവഴിക്കാനുള്ളതാണ്. മിച്ചം വരുന്ന സമയം ടെലിവിഷനും കംപ്യൂട്ടറിനും പകുത്ത് നല്‍കാനുള്ളതാണ്. ഞങ്ങളുടെ വൈകുന്നേരങ്ങള്‍ ആ ദിവസത്തെ വിശേഷങ്ങള്‍ പങ്കുവെക്കാനുള്ള വേദികളായിരുന്നു. പ്രകൃതിയെ അടുത്തറിയുവാനുള്ള അവസരങ്ങളായിരുന്നു. ന്യൂജനറേഷന്റെ ഹരമായ ക്രിക്കറ്റ് കളിയിലെ ബാറ്റ് ഓലമടല്‍കൊണ്ട് ഉണ്ടാക്കിയതായിരുന്നു. സച്ചിന്റെയും, സേവാഗിന്റെയും കയ്യൊപ്പ് ചാര്‍ത്തിയ ബാറ്റ് ഞങ്ങളുടെ വിദൂരസ്വപ്നങ്ങളില്‍ പോലും ഇല്ലായിരുന്നു. അന്ന് മനസ്സ് പോലെ തന്നെ പറമ്പ് (തൊടി) കള്‍ക്ക് അതിരുകള്‍ ഇല്ലായിരുന്നു. ഒരൊറ്റ കളിയിലൂടെ തന്നെ കുട്ടികള്‍ ഒരേ ടീമംഗങ്ങളായി, സുഹൃത്തുക്കളായി മാറുമായിരുന്നു. കളിയിലെ തോല്‍വികള്‍ ‘സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റില്‍’ എടുക്കുമായിരുന്നു. ചെറിയ പരാജയങ്ങളില്‍ പോലും ഇന്നത്തെ കുട്ടികള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. രൂക്ഷമായ പ്രതിസന്ധിയിലും പിടിച്ച് നില്‍ക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കേകിയത് ഒരു പക്ഷേ ഈ അനുഭവങ്ങളാവാം.

555477_10200524222962485_891637546_nപഴമയിലെ നന്‍മ കാത്തു സൂക്ഷിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. അവധിക്കാലം മുഴുവന്‍ വെക്കേഷന്‍ ക്ലാസുകളില്‍ ചെലവഴിക്കാന്‍ അനുവദിക്കാന്‍ കുട്ടികളെ നിരുപാധികം സ്വതന്ത്രരാക്കൂ. ഭാവി തലമുറയെ ആശ്ചര്യചകിതരാക്കാന്‍ കെല്‍പുള്ള കഥകള്‍ പറയാന്‍ നമ്മുടെ കുട്ടികള്‍ക്കും സാധിക്കണ്ടേ ? ഈ സുന്ദരഭൂമിയുടെ മായിക ലോകത്ത് അവരും യഥേഷ്ടം വിഹരിക്കട്ടെ !

sameeksha-malabarinews

ഫോട്ടോ: ബിജു ഇബ്രാഹിം

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!