ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍;നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

HIGHLIGHTS : Norka Roots Opens Recruitment for Electricians in Germany

ജര്‍മ്മനിയിലെ ഇലക്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. ജര്‍മന്‍ സര്‍ക്കാറിന്റെ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ ടാലന്റ്‌സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇന്‍ഡോ-ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ്. ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സില്‍ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ പ്രവൃത്തിപരിചയവും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുളളവര്‍ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കല്‍ & കണ്‍ട്രോള്‍ എഞ്ചിനീയറിംഗ്, മെഷിന്‍ സേഫ്റ്റി മേഖലകളില്‍ തൊഴില്‍ നൈപുണ്യമുളളവരുമാകണം അപേക്ഷകര്‍. ജര്‍മ്മന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1,A2,B1,B2) മുന്‍ഗണന ലഭിക്കുന്നതാണ്. വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോര്‍ട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജര്‍മ്മന്‍ ഭാഷാപഠനത്തിനും, കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ജര്‍മനിയില്‍ താമസിക്കാന്‍ തയ്യാറാകുന്നവരുമാകണം അപേക്ഷകര്‍. ജര്‍മ്മനിയിലെ ജോബ് മാര്‍ക്കറ്റിന് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനുളള സുരക്ഷിതവും ചൂഷണരഹിതവുമായ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമാണ് (HiH). ബി-വണ്‍ വരെയുളള ജര്‍മ്മന്‍ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങള്‍, ജര്‍മ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷന്‍, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. ഇതുവഴിയുളള റിക്രൂട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!