കോഴിക്കോട്:വര്‍ധിക്കുന്ന ലഹരി ഉപയോഗത്തെ സാമൂഹ്യ വിപത്തായി കണ്ട് കൂട്ടായ പരിശ്രമത്തിലൂടെ ചെറുത്തു തോല്‍പ്പിക്കണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കുന്ദമംഗലം എക്സൈസ് റെയിഞ്ച് ഓഫീസിന്റെ കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലഹരി മാഫിയയെ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമായി കേരളം മാറിയത്. 98 ശതമാനമാണ് കേരളത്തിലെ ശിക്ഷാനിരക്ക്. ഏറ്റവും ഉയര്‍ന്ന ലഹരി ഉപയോഗമുള്ള സംസ്ഥാനങ്ങളില്‍ ഇത് 25 ശതമാനം മാത്രമാണ്. ലഹരി ഉപയോഗത്തില്‍ അകപ്പെട്ടുപോകുന്ന പുതുതലമുറയെ അതില്‍നിന്ന് മോചിപ്പിച്ച് കൈപിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എക്‌സൈസ് വകുപ്പിനെ നവീകരിക്കാനും ആധുനികവല്‍ക്കരിക്കാനും ഉള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ ബോധവല്‍ക്കരണവും അതോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും എക്‌സൈസ് വകുപ്പിന്റെ മാത്രം ചുമതലയായി കാണരുതെന്നും സമൂഹം ഒന്നടങ്കം ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമാവണമെന്നും മന്ത്രി പറഞ്ഞു.
വെസ്റ്റ് ചാത്തമംഗലത്ത് നടന്ന ചടങ്ങില്‍ പി ടി എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മ്മാണത്തിനായി ബജറ്റ് തുകയില്‍ നിന്നും 1.5 കോടി രൂപയാണ് വകയിരുത്തിയത്. പുതിയ എക്‌സൈസ് റേഞ്ച് ഓഫീസ് വരുന്നതോടു കൂടി വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിക്കും. ചെത്തുകടവ് പാലത്തിനടുത്ത് നിലവിലുള്ള റവന്യൂ ഭൂമിയില്‍ ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 433 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ രണ്ട് നിലകളും സ്റ്റെയര്‍ റൂമുകളും അടങ്ങിയ കെട്ടിടത്തില്‍ താഴത്തെ നിലയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഡൈനിങ് ഹാള്‍ സൗകര്യവും ഒന്നാം നിലയില്‍ ഓഫീസ് സൗകര്യവും ഉള്‍പ്പെടുത്തിയാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുളളത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലവി അരിയില്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്തംഗം എം കെ അജീഷ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിടങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ പദ്ധതി നിര്‍മ്മാണ വിശദീകരണം നടത്തി. എക്സൈസ് കമ്മീഷണര്‍ മഹിപാല്‍യാദവ് സ്വാഗതവും ഉത്തര മേഖല ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ കെ എസ് ഷാജി നന്ദിയും പറഞ്ഞു.



