കണ്ടെത്തിയ അവശിഷ്ടങ്ങളൊന്നും അര്‍ജുന്റെ ലോറിയുടേതല്ല; ഇന്നും തിരച്ചില്‍

ഷിരൂര്‍: കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് ലഭിച്ച വാഹന ഘടകഭാഗങ്ങളൊന്നും അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്ന് ലോറിയുടമ മനാഫ് പറഞ്ഞു. ലോറിയുടെ ബമ്പര്‍ കിട്ടിയെന്ന് കഴിഞ്ഞദിവസം മനാഫ് തന്നെ സ്ഥിരീകരിച്ചിരുന്നു. തിരച്ചില്‍ നടത്തുന്ന ഡ്രഡ്ജറിലെ ദൃശ്യങ്ങള്‍ കരയില്‍ നില്‍ക്കുന്ന മാധ്യമങ്ങള്‍ സൂം ചെയ്ത് കാണിച്ചപ്പോഴാണ് അദ്ദേഹം വണ്ടിയുടെ ബമ്പര്‍ ലഭിച്ചതായി സ്ഥിരീകരിച്ചത്. തനിക്ക് ദൂരെ നിന്ന് കണ്ടാല്‍ മനസ്സിലാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത് ചെന്ന് നടത്തിയ പരിശോധനയില്‍ അവയൊന്നും അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പുഴയില്‍ നടന്നു കൊണ്ടിരിക്കുന്ന തിരച്ചിലില്‍ ധാരാളം വസ്തുക്കള്‍ കിട്ടുന്നുണ്ട്. ഇവയില്‍ വാഹനത്തിന്റെ എന്‍ജിന്‍, മറ്റ് ഘടകഭാഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവയൊന്നും അര്‍ജുന്റെ ലോറിയുടേതല്ലെന്ന് മനാഫ് പറഞ്ഞു. മറ്റ് ലോഹഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ഇവയൊന്നും അര്‍ജിന്റെ ലോറിയുടേതല്ല. ഒരു ഗ്യാസ് ടാങ്കര്‍ തകര്‍ന്നിട്ടുള്ളതായി പറയപ്പെടുന്നുണ്ട്. അതിന്റേതാകാം ഈ അവശിഷ്ടങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്യാസ് ടാങ്കര് അപടകത്തില്‍ പെട്ടുവെന്നും, അത് പൊട്ടിത്തെറിച്ചുവെന്നുമെല്ലാം പ്രദേശത്തുള്ളവര്‍ പറയുന്നുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഇല്ല. മണ്ണിടിച്ചിലിന്റെ ശബ്ദവും പൊട്ടിത്തെറിക്ക് സമാനമാകാം എന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല.

അതെസമയം അര്‍ജുന്റെ ലോറിയില്‍ കയറ്റിയിരുന്ന അക്കേഷ്യാ മരത്തടികള്‍ കുറെയെണ്ണം ഇതിനകം പുഴയില്‍ നിന്ന് ഈശ്വര്‍ മാല്‍പെയും സംഘവും കരയ്ക്ക് കയറ്റിയിരുന്നു. ലഭിച്ചവയില്‍ മരങ്ങളും കയറുകളും ആംഗ്ലറും മാത്രമാണ് അര്‍ജുന്റെ വണ്ടിയുടേതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ‘ഏതോ വാഹനം എന്‍ജിനടക്കം തകര്‍ന്നിട്ടുണ്ട്. മറ്റു എന്‍ജിന്‍ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്,’ മനാഫ് കൂട്ടിച്ചേര്‍ത്തു.

അതെസമയം റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രപാല്‍ നിലവില്‍ ഷിരൂരില്‍ ഉണ്ട്. ഇന്നലെയാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. അദ്ദേഹം നേരത്തേ അടയാളപ്പെടുത്തിയ നാല് കേന്ദ്രങ്ങളിലാണ് തിരച്ചില്‍ നടക്കുന്നത്. ഇന്ന് നാലാമത്തെ പോയിന്റ് കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തും. നേരത്തെ തിരച്ചിലില്‍ സഹകരിച്ചിരുന്ന ഈശ്വര്‍ മാല്‍പെ നിലവില്‍ തിരച്ചില്‍ നടത്തുന്നില്ല. ജില്ലാ ഭരണകൂടം നിസ്സഹകരിക്കുന്നതിനാലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top