Section

malabari-logo-mobile

രാഷ്ട്രീയമില്ലാത്ത നാടകങ്ങള്‍ പാഴ് വസ്തുവാണെന്ന് ശാന്തേട്ടന്‍ എന്നും പറയുമായിരുന്നു

HIGHLIGHTS : Non-political plays Shantetan would also say that it is a waste material

റഫീഖ് മംഗലശ്ശേരി

കണ്ണടച്ച് കിടന്നിട്ടും ഉറക്കം വരുന്നില്ലല്ലോ ശാന്തേട്ടാ….

പുറത്ത്, മഴയുടെ ആര്‍ത്തലച്ചുള്ള കരച്ചില്‍ കേള്‍ക്കാം……

sameeksha-malabarinews

കേള്‍ക്കാന്‍ അത്ര സുഖകരമല്ലാത്ത വാര്‍ത്തയായിരുന്നു, രണ്ട് മൂന്ന് ദിവസങ്ങളായി നിങ്ങളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി കേട്ടുകൊണ്ടിരുന്നതെങ്കിലും, അതിനെയെല്ലാം അതിജീവിച്ച്, ശാന്തനെന്ന നാടകക്കാരന്‍ വീണ്ടും അരങ്ങിലേക്ക് അശാന്തനായി തിരിച്ചെത്തുമെന്ന് തന്നെയായിരുന്നു
മനസ്സ് പറഞ്ഞിരുന്നത്….!

അഞ്ച് വര്‍ഷം മുമ്പും, ഇതുപോലെ നിങ്ങളെ തോല്‍പ്പിക്കാന്‍ നോക്കിയ അര്‍ബുദത്തെ പുറം കാലുകൊണ്ട് ചവിട്ടി മാറ്റിക്കൊണ്ട് , അരങ്ങിലേക്ക് വീണ്ടും ഓടിയെത്തിയിരുന്നല്ലോ നിങ്ങള്‍….?!

അതേപോലെ ഇത്തവണയും നിങ്ങള്‍ തിരിച്ചുവരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു….!

പക്ഷേ,,,, പക്ഷേ ,,,,,
ഇല്ല….. എഴുതാനാവുന്നില്ല…. കണ്ണ് നിറയുന്നു….

അതെ, അശാന്തമായ ലോകത്തോട് അരങ്ങിലൂടെ കലഹിക്കാന്‍ ഇനി ശാന്തനില്ല….

പെരുംകൊല്ലനിലെ ദാമു, പുള്ളിപ്പയ്യിലെ ഗോപാലന്‍, ദാഹത്തിലെ ചാത്തുക്കുട്ടി, ഇങ്ങിനെയുള്ള അനേകം നാടന്‍ കഥാപാത്രങ്ങളെക്കൊണ്ട്, നാടന്‍രീതിയിലുള്ള വര്‍ത്തമാനങ്ങളിലൂടെ, ലോകത്തിന്റെ കൊള്ളരുതായ്മകളെ വിളിച്ചു പറയിക്കാന്‍, ഇനി ശാന്തനില്ല …

അയാള്‍ എന്നെന്നേക്കുമായി യാത്രയായിരിക്കുന്നു…., അയാളുടെ ജീവിത സമ്പാദ്യങ്ങളായ അറുപതോളം നാടകങ്ങള്‍ വരും തലമുറക്ക് വേണ്ടി ഇവിടെ ഉപേക്ഷിച്ചു കൊണ്ട് ….

നമുക്കത് കാത്തു സൂക്ഷിക്കാം…. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലോ, തൊണ്ണൂറ്റി ഒമ്പതിലോ ആണ് ഞാന്‍ ആദ്യമായി ശാന്തേട്ടനെ കാണുന്നത്…! കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വെച്ചുനടന്ന
കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടക മത്സരത്തില്‍ പെരുംകൊല്ലന്‍ എന്ന നാടകം അവതരിപ്പിച്ചപ്പോഴായിരുന്നു അത്….!

ഞാനന്ന് നാടകരംഗത്ത് പിച്ചവെച്ച് തുടങ്ങിയിട്ടേയുള്ളൂ…!

‘എനിക്കു വേണം നേരുകള്‍ ചൂണ്ടിപ്പറയാന്‍ ആ വിരലെനിക്കു വേണം….
കപടതകള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ എനിക്കാ ചൂണ്ടുവിരല്‍ കൂടിയേ തീരൂ …..’

രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ട അരവിന്ദന്‍, തന്നെ കൊല്ലാന്‍ ആയുധം ഉണ്ടാക്കിക്കൊടുത്ത പെരുംകൊല്ലന്‍ ദാമുവിനോട്, അനീതിക്കെതിരെ ചൂണ്ടാനുള്ള തന്റെ ചൂണ്ടുവിരല്‍ ചോദിച്ചെത്തുന്ന ആ രംഗവും / ആ ചോദ്യവും, ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്…

അത്രക്ക് മൂര്‍ച്ചയുണ്ടായിരുന്നു ആ നാടകത്തിലെ ഓരോ വാക്കുകള്‍ക്കും….!

കാലം പിന്നീട് എന്നെയും ഒരു നാടകക്കാരനാക്കി മാറ്റിയപ്പോള്‍
ശാന്തേട്ടനും ഞാനും കൂടുതല്‍ കൂടുതല്‍ അടുത്തു….!

മത്സരവേദികളില്‍ ഞങ്ങളുടെ നാടകങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി…! പക്ഷേ ജീവിതത്തില്‍ ഞങ്ങള്‍ ഒരിക്കല്‍പ്പോലും, ഒരു വാക്ക് കൊണ്ട് പോലും ഏറ്റുമുട്ടിയിട്ടില്ല എന്നതാണ് സത്യം…!

അതെ, പരിചയപ്പെട്ട നാടകക്കാരോടൊക്കെ ഞാന്‍ ഒരിക്കലെങ്കിലും വഴക്കടിച്ചിട്ടുണ്ട്…., തല്ല് കൂടിയിട്ടുണ്ട്…!

പക്ഷേ എന്തോ ശാന്തേട്ടനോട് മാത്രം വഴക്കിടിച്ചിട്ടില്ല, തല്ല് കൂടിയിട്ടില്ല….

അത് എന്തുകൊണ്ടാവും അങ്ങിനെ എന്ന്
ചോദിച്ചാല്‍, കൃത്യമായ് ഒരു ഉത്തരം പറയാന്‍ എനിക്കിപ്പോഴും ആവില്ല…,
ഞങ്ങളുടെ നാടകങ്ങളിലെ രാഷ്ട്രീയമായിരിക്കാം ചിലപ്പോള്‍ അതിനു കാരണം…..

അതെ, ശാന്തേട്ടന്റെ നാടകങ്ങള്‍ അടിമുടി രാഷ്ട്രീയമായിരുന്നു…! രാഷ്ട്രീയമില്ലാത്ത നാടകങ്ങള്‍
പാഴ് വസ്തുവാണെന്ന് ശാന്തേട്ടന്‍ എന്നും പറയുമായിരുന്നു…

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!