Section

malabari-logo-mobile

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് വിലയിരുത്തി; 110 കിടക്കകളുള്ള ഐ.സി.യു. ഉടന്‍ സജ്ജമാകും

HIGHLIGHTS : Minister Veena George directly assesses the activities of Thiruvananthapuram Medical College; ICU with 110 beds. Will be set up soon

തിരുവനന്തപുരം: കാര്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും വിശദമായി ചര്‍ച്ച ചെയ്യുന്നതിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിന് മെഡിക്കല്‍ കോളേജില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡ് ചികിത്സയ്ക്കും നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‍കണം. മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസവും വളരെ പ്രധാനമാണ്. മെഡിക്കല്‍ കോളേജുകള്‍ ടെറിഷ്യറി ചികിത്സാ കേന്ദ്രമാണ്. സമീപ ജില്ലകളില്‍ നിന്നുപോലും വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജിനെ ആശ്രയിക്കാറുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിലും ഏറ്റവുമധികം രോഗികളെ ചികിത്സിച്ച സ്ഥലമാണിത്. അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ഉണ്ടായിട്ടുണ്ട്. രോഗികള്‍ കുറഞ്ഞു വരുന്ന സന്ദര്‍ഭത്തില്‍ നോണ്‍ കോവിഡ് ചികിത്സ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

sameeksha-malabarinews

110 കിടക്കകളുള്ള ഐ.സി.യു.വില്‍ 50 കിടക്കകള്‍ സജ്ജമാണ്. ബാക്കിയുള്ളവ 10 ദിവസത്തിനകം സജ്ജമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ നിലവിലെ സ്റ്റോക്ക്, ഒരു മാസം ആവശ്യമായവ എന്നിവ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവ കെ.എം.എസ്.സി.എല്‍. വഴിയും ലോക്കല്‍ പര്‍ച്ചേസിലൂടെയും വാങ്ങാനും നിര്‍ദേശം നല്‍കിയിരുന്നു. മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ അതിന് മുന്‍കരുതലായി 6 മാസത്തെ ആവശ്യകത കണക്കാക്കി സംഭരിക്കാനും നിര്‍ദേശം നല്‍കി. തടസങ്ങള്‍ നീക്കി യുദ്ധകാലാടിസ്ഥാനത്തില്‍ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓക്സിജന്‍ സംബന്ധമായ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ ഓക്സിജന്‍ പ്ലാന്റ് സന്ദര്‍ശിക്കുകയും ചെയ്തു.

മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി ഫാര്‍മസി സന്ദര്‍ശിച്ചു. കൂടുതല്‍ ക്രമീകരണവും കിടക്കകളും ഒരുക്കുന്നതിന്റെ ഭാഗമായി വാര്‍ഡുകളും മന്ത്രി സന്ദര്‍ശിച്ചു.

ആര്‍സിസിയില്‍ യുവതി ലിഫ്റ്റില്‍ പരിക്കുപറ്റി മരണമടഞ്ഞ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരാളെ പിരിച്ചു വിടുകയും രണ്ടുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആശുപത്രികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെങ്കില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ കുടുംബത്തിന് സഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണ്.

ലഭിക്കുന്ന വാക്സിന്‍ ഏറ്റവും നന്നായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. ആവശ്യമായ വാക്സിന്‍ ലഭിക്കാത്തതാണ് സ്പോട്ട് രജിസ്ട്രേഷന്‍ നടത്താന്‍ വൈകുന്നത്. പ്രവാസികള്‍ക്കും മറ്റുമായി ചില സ്ഥലങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന്‍ നടന്നുവരുന്നുണ്ട്. വാക്സിനേഷന്‍ സെന്ററുകളിലെ തിരക്ക് കുറയ്ക്കാനാണ് ഓണ്‍ലൈന്‍ നടത്തി വരുന്നത്.

ബ്ലാക്ക് ഫങ്കസ് രോഗം സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണ്. നിലവില്‍ മരുന്നിന് കുറവില്ലെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. സൂസന്‍ ഉതുപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!