
ആലപ്പുഴ: വി എസ് ഇനി ചരിത്രം. തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയില്‍ വി എസിന് ഇനി അന്ത്യവിശ്രമം. കേരള രാഷ്ട്രീയത്തിലെ അതുല്യനായ പോരാളി ജനമനസുകളിലെ പ്രിയ നേതാവ് വി.എസ്. അച്യുതാനന്ദന് കേരളം വിട നല്‍കി.
തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആലപ്പുഴ ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം റെഡ് വളണ്ടിയര്‍മാര്‍ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നല്‍കി. കണ്ണേ കരളേ വിഎസ്സേ , ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ… ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചണ് വി എസിനെ വലിയ ചുടുകാട്ടിലേക്ക് എടുത്തത്.
വിപ്ലവമണ്ണില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന് ചിതയൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ ബേബി, എംവി ഗോവിന്ദന്‍ അടക്കം നേതാക്കളും മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം വിഎസിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നല്‍കയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് തലസ്ഥാനത്തു നിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ എത്തിച്ചേര്‍ന്നത്. വഴിനീളെ മഴയെ അവഗണിച്ച് ആയിരങ്ങള്‍ കാത്തു നിന്ന് വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വേലിക്കകത്ത് വീട്ടിലും പിന്നീട് മൂന്ന് മണിയോടെ ആലപ്പുഴ സിപിഎം ഡിസി ഓഫീസിലേക്ക് എത്തിച്ചു. കനത്ത മഴയെ പോലും അവഗണിച്ച ജനങ്ങളുടെ വലിയ തിരക്കാണ് എല്ലാ ഇടങ്ങളിലുമുണ്ടായത്.
ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടില്‍നിന്ന് മൃതദേഹം വലിയ ചുടുകാട്ടിലെത്തിച്ചപ്പോള്‍ ഒന്‍പത് മണിയായി. 9.15-ഓടെ മകന്‍ അരുണ്‍കുമാര്‍ ചിതയില്‍ അഗ്‌നിപകര്‍ന്നു. ഇനി പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ വിഎസിനും അന്ത്യവിശ്രമം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




