Section

malabari-logo-mobile

”ഗപ്പി ഫ്രൈ”

HIGHLIGHTS : ‘തല്ലിക്കൊല്ലും കുരുത്തം കെട്ടോനെ അന്നെ’ വീടിന്റെ അകത്ത് നിന്ന് ഉമ്മാന്റെ ആര്‍പ്പ് കോളാമ്പിയില്‍ നിന്നെന്ന പോലെ താഴത്തെ പറമ്പിലെ മാവില്...

sameeksha-malabarinews
‘തല്ലിക്കൊല്ലും കുരുത്തം കെട്ടോനെ അന്നെ’

വീടിന്റെ അകത്ത് നിന്ന് ഉമ്മാന്റെ ആര്‍പ്പ് കോളാമ്പിയില്‍ നിന്നെന്ന പോലെ താഴത്തെ പറമ്പിലെ മാവില്‍ ചോട്ടിലെ ഊഞ്ഞാലില്‍ കസര്‍ത്ത് കാണിച്ചു കൊണ്ടിരുന്ന എന്റെ കാതിലേക്ക് ‘ഹരിമുരളീരവം’ പോലെ ഒഴുകിയെത്തി..

എന്റെ ചന്തിയും തുടയും തരിച്ചു…
ഞാനൊന്ന് അമര്‍ത്തി തടവി..
എനിക്കുള്ള എന്തോ പണി വരുന്നുണ്ട്..

ഞാന്‍ തലങ്ങും വിലങ്ങും ആലോചിച്ചിട്ടും അതെന്താണെന്ന് മനസ്സിലായില്ല…

‘കുഞ്ഞുമോനെ’
ഉമ്മാന്റെ വിളി കമ്പനിയിലെ സൈറന്‍ പോലെ നാലു പാടും പറന്നു…

ഞാന്‍ അടുത്ത സൈറന് കാത്ത് നിക്കാതെ ഓടി ഉമ്മാന്റെ മുന്നിലെത്തി അടി വാങ്ങാനായി തിരിഞ്ഞു നിന്നു….

‘അനക്ക് എവിടുന്നാടാ ഈ മീന്‍ വാങ്ങാന്‍ പൈസ കിട്ടീത്…’

ന്നും പറഞ്ഞ് മാറ്റിവെച്ച പുളിവടി കൊണ്ട് എന്റെ തുടയില്‍ മീന്‍ വരിയാന്‍ തുടങ്ങി…
ഞാന്‍ എന്റെ വായ തുറന്ന് നല്ല ഉച്ചത്തില്‍ എന്റെ സൈറനും ഓണാക്കി….

പണ്ടാണ്…
ന്ന് പറഞ്ഞാല്‍ ന്റെ ഒരു ഒമ്പത് പത്ത് വയസ്സ് കാലം..

ഈ അലങ്കാര മീനൊക്കെ ഒരുവിധം ഫേമസ് ആയി വരുന്ന കാലം…
ചങ്ക് ബ്രോ സുജീന്റെ വീട്ടില് ഒരു ചെറിയ അക്വാറിയം വാങ്ങി…
അതിലിങ്ങനെ മീന്‍ പാഞ്ഞു പാഞ്ഞു നടക്കണ കണ്ടപ്പോ നിക്കും ഒരു പൂതി…
ഇനിക്കും വേണം ഒന്ന്…

ചില്ലിട്ട അക്വാറിയം ഇന്നെക്കൊണ്ട് കൂടുലാന്ന് അറിയണത് കൊണ്ടും അതിത്തിരി അഹങ്കാരം ആവുന്ന് ള്ളത് കൊണ്ടും ഞാന്‍ തന്നെ അവിടുന്നും ഇവിടുന്നും ഒക്കെ ഇഷ്ടികിം സിമന്റും ഒപ്പിച്ചു വീടിന്റെ എറക്കില്‍ തന്നെ ഒന്ന് കെട്ടിപ്പൊക്കി…
എഞ്ചിനീയരും മേസ്തിരിയും ഹെല്‍പ്പറും എല്ലാം ഞാന്‍ തന്നെ…

ഇന്റെ കണക്കില് ഒന്നൊന്നര അക്വാറിയം…!

ഞ്ഞി മീന്‍ വേണം…
ഏറ്റം ചെറിയ ഗപ്പിക്കു വരെ മൂന്നുറുപ്പിക വേണം..
അത് ഞാന്‍ അന്ന് സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല…
പിന്നെന്ത് ചെയ്യും?

അന്ന് വീട്ടില് ഉമ്മാക്ക് ഒരു കുഞ്ചി ണ്ടായിരുന്നു..

ഒരു പഴയ ക്യൂട്ടീകുറാ പൗഡറിന്റെ വട്ടത്തിലുള്ള ടിന്നിന്റെ മോളില് ഒരു കോയിന്‍ കടന്ന് പോകാന്‍ പാകത്തിന് വിടവുണ്ടാക്കിയ സാധനം..!
അതാണ് വീട്ടിലെ ലോക്കര്‍..
പൈസകുഞ്ചി…

ന്നെ വല്യ വിശ്വാസായത് കൊണ്ട് അത് വെക്കണ സ്ഥലം മാത്രം ഒരു മരീചിക പോലെ എനിക്കറിയാതിടത്ത് ഉമ്മ പാത്ത് വെച്ചു…

ഇടക്ക് എന്തെങ്കിലും ആവശ്യത്തിന് പൈസ എടുക്കുമ്പോ സൂത്രത്തില്‍ എന്നെ പുറത്തേക്ക് പായിക്കും…
ഒരു സൈക്കോളജിക്കല്‍ മൂവ്‌മെന്റ്…

ആ കുഞ്ചിയാണ് അവസാന പ്രതീക്ഷ…
അതില്‍ നിന്നെങ്ങനെ പൈസ ചൂണ്ടും…?
ഞാന്‍ പൊരിഞ്ഞ ആലോചനയില്‍…
പ്ലാന്‍ ബിയും പ്ലാന്‍ എയും ഒക്കെ മനസ്സിലൂടെ കടന്ന് പോയി…

അന്ന് ഉമ്മ പശുവിന് പുല്ലു വെട്ടാന്‍ പോയ തക്കത്തിന് ഞാന്‍ തിരച്ചില് തൊടങ്ങി…
അവസാനം തിരഞ്ഞു തിരഞ്ഞു അടുക്കളയിലെ ഓലകെട്ടിന്റെ ഇടയില് നിന്ന് ഞാനത് കണ്ടെത്തി…

ഞാനൊന്ന് കുലുക്കി നോക്കി…
ചെറിയ കനമുണ്ട്…
ഒരു മൂന്നുറുപ്പിക എടുത്താലും അറിയൂല…

ഞാന്‍ ഈര്‍ക്കിളി എടുത്ത് മെല്ലെ തോണ്ടി നോക്കി..
കിട്ടാനാവുമ്പോ പൈസ ഉള്ളിലേക്ക് പോയി…
പിന്നെയും നോക്കി..
നോ രക്ഷ…
അവസാനം ഞാന്‍ കൊടുവാള്‍ എടുത്ത് ആ വിടവ് ഒന്ന് വലുതാക്കി…

ഒന്ന് കുലുക്കിയപ്പോ പൈസ ചറപറാ താഴോട്ട്…
ഞാനാകെ പേടിച്ചു പോയി…
മൂന്നുറുപ്പിക എടുത്ത് ബാക്കി മുഴുവന്‍ അത്പോലെ തിരുകി കേറ്റി, കിട്ടിയോടത്ത് തന്നെ വെച്ച് ഞാന്‍ ഓടി…
റയിലിന്റെ അപ്പുറത്താണ് മീന്‍ വില്‍ക്കണ വീട്…
അവിടുന്ന് ഗപ്പിയും വാങ്ങി നേരെ വീട്ടിലേക്ക്…

വെള്ളം നിറച്ച സിമന്റിന്റെ അക്വാറിയത്തില്‍ ഗപ്പി പാഞ്ഞു നടന്നു…
അത് കണ്ട് ഒരു രക്ഷിതാവിന്റെ നിര്‍വൃതിയോടെ ഞാനും…

‘അനക്കിത് വാങ്ങാന്‍ എവിടുന്നാടാ പൈസ കിട്ടീത്…?

വൈകുന്നേരം ഉമ്മ പുല്ലും കെട്ട് കൊണ്ട് വരുമ്പോഴും അക്വാറിയത്തിലേക്ക് നോക്കി നിര്‍വൃതിയും രോമാഞ്ചവും കൊള്ളുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ചോദിച്ചു…

‘അത് ഇനിക്കി ഓര് വെറുതെ തന്നതാ..’
ഞാന്‍ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു…

‘വെര്‍ത്യോ? അനക്കോ?
ഞാനൊന്ന് ചോദിച്ചു നോക്കട്ടെ..’

മീന്‍ വില്‍ക്കണ വീട് ഉമ്മാന്റെ സുഹൃത്തിന്റെയാണെന്ന് എനിക്കപ്പളാണ് കത്തിയത്….

ഞാന്‍ ഒന്നും പറയാതെ മീനിനിം നോക്കി കൊണ്ടിരുന്നു…

ഉമ്മ; ഒന്ന് അമര്‍ത്തി മൂളി അകത്തേക്ക് പോയി…

ആ രാത്രി ഒരു പ്രശ്‌നവുമില്ലാതെ ശാന്തവും സുരഭിലവും സുസ്‌മേരവുമായി കടന്ന് പോയി…

രാത്രി അമ്പിളിമാമനെ മേഘം തിന്നതും
കുറുക്കന്മാര്‍ ഓരിയിട്ടതുമല്ലാതെ അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായില്ല….

പിറ്റേന്ന്….
പാല് വിറ്റ് കിട്ടിയ പൈസ ഇടാന്‍ കുഞ്ചി തപ്പിയ ഉമ്മ ആ കരളലിയിക്കുന്ന കാഴ്ച്ച കണ്ട് ഞെട്ടി…

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നറിയുന്നത് കൊണ്ട്
ആ ഞെട്ടലിന്റെ ഓളം എന്നെ തേടി വന്നു…

പുളിവടി കൊണ്ടുള്ള ഉമ്മയുടെ ആദ്യത്തെ ഓവറില്‍ തന്നെ തിരിഞ്ഞു നിന്ന എന്റെ മിഡില്‍ വിക്കറ്റ് പോയി…

ലേലു അല്ലു ലേലു അല്ലു…
ഞാന്‍ എല്ലാം ഏറ്റ് പറഞ്ഞു…
അതോടെ ദാരികവധം പടപ്പാട്ട് മൂന്നാംകണ്ടം തുടങ്ങി…

അടിച്ച് ക്ഷീണിച് ഉമ്മ ഒരു വശത്തും
അടി കൊണ്ട് ക്ഷീണിച്ച് ഞാന്‍ മറുവശത്തും
യുദ്ധം നിര്‍ത്തിവെച്ച് ഇരുന്നു….
ശാന്തം…
സമാധാനം….!

കാലം പിന്നെയും കുതിരവണ്ടിയില്‍ കേറി ഒരുപാട് മുന്നോട്ടോടി…
ഇന്ന് വരെ എത്തിയപ്പോ രാവിലെ തന്നെ അന്ന;
കസേരയുടെ അടുത്ത് വന്ന്,
കാലു കൊണ്ട് ചിത്രം വരച്,
തലയില്‍ മെല്ലെ മസ്സാജ് ചെയ്ത്…

‘ഇന്നലെ ഉപ്പച്ചിന്റെ പേഴ്‌സിന്ന് ചില്ലറ കാണാതെ പോയില്ല്യേന്യോ?
അതാരാ ഇടുത്തേന്ന് അറിയോ?

രാവിലെ ഒരു പണിയും ഇല്ലാതെ കസാരയില്‍ വെറുതെ അന്തംവിട്ടിരിക്കുന്ന എന്നെ തോണ്ടി അന്നയുടെ ചോദ്യം..

‘ഇല്യാ..
ആരാ എടുത്തത്?’

‘അത് ഞാനാ..ഈ കുഞ്ചില് ഇടാന്…’
അതും പറഞ്ഞ് കയ്യിലുണ്ടായിരുന്ന പൗഡര്‍ ടിന്‍ അവള്‍ പൊന്തിച്ചു കാണിച്ചു…

‘അതെന്തേ ഞാന്‍ രാത്രി ചോദിച്ചപ്പോ പറയാഞ്ഞത്?’

‘അപ്പൊ പറഞ്ഞാ ഉപ്പച്ചി അടിക്കൂലെ…
ഇപ്പളാവുമ്പോ വല്യ പ്രശ്‌നല്യല്ലോ?’
ഒരു കള്ളച്ചിരിയോടെ അവള് പറഞ്ഞു…

അല്ല..
ഓളെയും പറഞ്ഞിട്ട് കാര്യമില്ല…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ?

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News