കോഴിക്കോട്:നിപ നിയന്ത്രണ വിധേയമായതോടെ കോഴിക്കോട് വടകര താലൂക്കിലെ പഞ്ചായത്തുകളിലുള്ള കണ്ടെയിന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍, പൊതുവായ നിയന്ത്രണങ്ങള്‍ തുടരും. വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രത പൂര്‍ണമായും പിന്‍വലിക്കാനായിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കേണ്ടതാണെന്ന് കലക്ടര്‍ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക്,സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അറിയിച്ചു.
നിപാ ഭീതിയകന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ഥികള്‍ ഒരാഴ്ചയിലെ ഓണ്‍ലൈന്‍ പഠനശേഷമാണ് നിയന്ത്രണമേഖല ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറന്നത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ കരുത്തും സര്‍ക്കാരിന്റെ ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമാണ് അതിവേഗം അധ്യയനത്തിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയത്.
കഴിഞ്ഞ 11നാണ് ജില്ലയില്‍ നിപാ രോഗബാധയുടെ സംശയമുയര്‍ന്നത്. മരിച്ച രണ്ടുപേര്‍ക്കും മരിച്ച ഒരാളുടെ ബന്ധുക്കള്‍ക്കുമായിരുന്നു രോഗം സംശയിച്ചത്. തുടക്കത്തില്‍ തന്നെ ആരോഗ്യ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് നിപാ സംശയമുയരാന്‍ ഇടയാക്കിയത്. ഇവരുടെ സാമ്പിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപാ പരിശോധനക്ക് അയയ്ക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ഒപ്പം നിപാ മുന്നില്‍ക്കണ്ടുള്ള പ്രതിരോധ നടപടിക്കും തുടക്കം കുറിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




